വെളിമുക്ക് സി.പീസ് ഭവനിൽ കുടുംബ കാര്യമാണ് അധ്യാപനം
text_fieldsവെളിമുക്ക് സി.പീസ് ഭവനിലെ അധ്യാപക കുടുംബം കുടുംബനാഥ ആയമ്മയോടൊപ്പം
തിരൂരങ്ങാടി: അക്ഷരങ്ങൾക്കൊപ്പം കൂടുകൂട്ടി അക്ഷരമധുരം പകരുകയാണ് വെളിമുക്ക് സി.പീസ് ഭവനിലെ കുടുംബാംഗങ്ങളെല്ലാം. വി.ജെ പള്ളി എം.എം.യു.പി സ്കൂൾ പ്രധാനാധ്യാപകനായി വിരമിച്ച പരേതനായ സി.പി. അബ്ദുറഹ്മാൻ മാസ്റ്ററുടെയും ഇതേ സ്കൂളിൽ അധ്യാപികയായിരുന്ന ഭാര്യ സി. ആയമ്മയുടെയും കുടുംബത്തിൽ മക്കളും മരുമക്കളും ഇന്ന് അധ്യാപകരാണ്. മൂന്നിയൂർ പഞ്ചായത്ത് മുൻ വികസന സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷയുമായിരുന്ന ആയമ്മ വി.ജെ പള്ളി സ്കൂളിൽനിന്ന് വിരമിച്ച് 15 വർഷമായി വീട്ടിൽ വിശ്രമ ജീവിതം നയിക്കുകയാണ്.
മക്കളായ യൂനുസ് കോഴിക്കോട് റഹ്മാനിയ്യ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലും മുനീർ കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിലും അധ്യാപകരാണ്. പെൺമക്കളായ സക്കീന മൂന്നിയൂർ ഹൈസ്കൂളിലും നാദിറ വി.ജെ പള്ളി സ്കൂളിലും അധ്യാപികമാരാണ്. യൂനുസിെൻറ ഭാര്യ മുനീറയും മുനീറിെൻറ ഭാര്യ റസീനയും വി.ജെ പള്ളി സ്കൂളിൽ അധ്യാപികമാരാണ്. സക്കീനയുടെ ഭർത്താവ് എ.കെ അബ്ദുൽ ഗഫൂർ ഗവ. കോളജ് കൊണ്ടോട്ടിയിൽനിന്ന് പ്രിൻസിപ്പലായി ഈ വർഷം വിരമിച്ചു.
നാദിറയുടെ ഭർത്താവ് എടക്കോട്ടിൽ മുഹമ്മദ് ഷാഫി എടരിക്കോട് പി.കെ.എം.എം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലാണ്. മക്കളെ അധ്യാപകരാക്കുക എന്നത് ഭർത്താവ് അബ്ദുറഹ്മാൻ മാസ്റ്ററുടെ ആഗ്രഹമായിരുന്നു. പക്ഷേ, മരുമക്കൾ അധ്യാപകരായി എത്തിയത് യാദൃശ്ചികമായാണെന്ന് ആയമ്മ പറഞ്ഞു. സി.പി. അബ്ദുറഹ്മാൻ മാസ്റ്റർ മൂന്ന് തവണ മൂന്നിയൂർ പഞ്ചായത്ത് അംഗം ആയിട്ടുണ്ട്. അതിൽ ഒരുതവണ ആക്ടിങ് പ്രസിഡൻറ് സ്ഥാനവും വഹിച്ചിട്ടുണ്ട്. ആയമ്മ രണ്ടുതവണ മൂന്നിയൂർ പഞ്ചായത്ത് അംഗമായിരുന്നു.