തിരൂരങ്ങാടി താലൂക്ക് ആശുപത്രി; ഒടുവിൽ ‘വടിയെടുത്ത്’ മാനേജ്മെന്റ് കമ്മിറ്റി
text_fieldsതിരൂരങ്ങാടി: സാധാരണക്കാരായ നിരവധി രോഗികൾ ആശ്രയിക്കുന്ന തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിലടക്കം വരുന്ന രോഗികളോട് നിരന്തരം നിഷേധാത്മക നിലപാട് സ്വീകരിക്കുന്ന ഡോക്ടർക്കെതിരെ വ്യാഴാഴ്ച നടന്ന എച്ച്.എം.സി മീറ്റിങിൽ രൂക്ഷ വിമർശനം. ഡോക്ടർക്കെതിരെ നിരന്തരം വന്നു കൊണ്ടിരിക്കുന്ന ആരോപണം വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് യോഗം വിലയിരുത്തി. കഴിഞ്ഞ ദിവസം കാലിക്കറ്റ് സർവകലാശാലയിൽ ഉണ്ടായ അടിപിടിയിൽ പരിക്കേറ്റ ചികിത്സക്കെത്തിയ വിദ്യാർഥികളെ അടക്കം പെട്ടെന്ന് ചികിത്സ നടത്താതെ ഡോക്ടർ അമാന്തം കാണിച്ചിരുന്നു. ഇത് വലിയ ചർച്ചയായിരുന്നു. ഇയാൾക്കെതിരെ പൊതുജനങ്ങളിൽനിന്ന് പരാതി പതിവാണ്. ഡോക്ടർക്കെതിരെ സ്ഥലം മാറ്റം ഉൾപ്പെടെ വകുപ്പ് തല നടപടി സ്വീകരിക്കാനും പൊതുജനത്തിന് സേവനം നൽകാൻ തയാറല്ലാത്തവരുടെ സേവനം അവസാനിപ്പിക്കാനും യോഗം ഐക്യകണ്ഠ്യേനെ തീരുമാനിച്ചു.
ആശുപത്രിയുടെ പ്രവർത്തനം പൊതുജനത്തിന് സഹായകമായില്ലെങ്കിൽ ബഹുജന മാർച്ച് അടക്കമുള്ള സമര പരിപാടികൾ വിവിധ പാർട്ടികൾ ആഹ്വാനം ചെതിരുന്നു. ആശുപത്രി മാനേജ്മന്റ് കമ്മിറ്റി യോഗം തിരൂരങ്ങാടി നഗരസഭ അധ്യക്ഷൻ കെ.പി. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ സി.പി. ഇസ്മായിൽ അധ്യക്ഷത വഹിച്ചു. നഗരസഭ ഉപാധ്യക്ഷ കാലൊടി സുലൈഖ, ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസ്, ആർ.എം.ഒ ഡോ. ഹാഫിസ് റഹ്മാൻ, കൗൺസിലർമാരായ കക്കടവത്ത് അഹമ്മദ് കുട്ടി, പി.കെ. അബ്ദുൽ അസീസ്, വിവിധ ആശുപത്രി മാനേജ്മന്റ് കമ്മിറ്റി അംഗങ്ങളായ അരിമ്പ്ര മുഹമ്മദ്, എം. അബ്ദുറഹിമാൻ കുട്ടി, എം.പി. ഇസ്മായിൽ, അയൂബ് തലാപ്പിൽ, എം. മൊയ്ദീൻ കോയ, ഉള്ളാട്ട് കോയ, പ്രഭാകരൻ മലയിൽ, എം. രത്നാകരൻ, കെ.പി. ഫൈസൽ, വി.പി. കുഞ്ഞാമു, നഴ്സിങ് സൂപ്രണ്ട് സുന്ദരി, ലേ സെക്രട്ടറി രാജീവ്, സാദിഖ് ഒള്ളക്കൻ എന്നിവർ സംസാരിച്ചു.