തിരൂരങ്ങാടി താലൂക്കാശുപത്രി സാമ്പത്തിക പ്രതിസന്ധിയിൽ; ദൈനംദിന പ്രവർത്തനം അവതാളത്തിൽ
text_fieldsതിരൂരങ്ങാടി: ദിനംപ്രതി ആയിരക്കണക്കിന് രോഗികൾ ആശ്രയിക്കുന്ന തിരൂരങ്ങാടി താലൂക്ക് ആശുപത്രി ദൈനംദിന പ്രവർത്തനങ്ങൾക്ക് വേണ്ട പണം പോലുമില്ലാതെ പ്രതിസന്ധിയിൽ.
വിവിധ വകുപ്പുകളിലായി സർക്കാറിൽനിന്ന് ലക്ഷക്കണക്കിന് രൂപയാണ് കിട്ടാനുള്ളത്. ആരോഗ്യ ഇൻഷുറൻസ് പദ്ധതി (കെ.എ.എസ് .പി) ഇനത്തിലും മറ്റുമായി സർക്കാരിൽനിന്ന് യഥാസമയം തുക ലഭ്യമല്ലാത്തതാണ് പ്രതിസന്ധിക്ക് ആക്കം കൂട്ടിയത്. അതിനാൽ ആശുപത്രി പ്രവർത്തനം അവതാളത്തിലായെന്നും രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ സൗകര്യം ലഭ്യമാക്കാൻ കഴിയുന്നില്ലെന്നും നഗരസഭ ആരോഗ്യകാര്യ ചെയർമാൻ സി.പി. ഇസ്മായിൽ പറഞ്ഞു.
ആരോഗ്യ ഇൻഷുറൻസ് പദ്ധതി വകയിൽ അഞ്ച് കോടിക്ക് മുകളിലും, അമ്മയും കുഞ്ഞും പദ്ധതി വകയിൽ 60 ലക്ഷം രൂപയും, കുട്ടികളുടെ ചികിത്സ പദ്ധതി വകയിൽ 73 ലക്ഷം രൂപയും ഉൾപ്പെടെ ആറര കോടി രൂപയാണ് സർക്കാരിൽനിന്ന് കിട്ടനുള്ളത്.
വല്ലപ്പോഴും ലഭിക്കുന്ന നാമമാത്രമായ തുക കൊണ്ട് എവിടെയും എത്താത്ത അവസ്ഥയാണ്.
ആശുപത്രിയിൽ ലഭ്യമല്ലാത്ത ലാബ് ടെസ്റ്റുകളും എം.ആർ.ഐ സ്കാൻ തുടങ്ങിയവയും ചെയ്ത് കൊടുക്കുന്ന, ആശുപത്രിയുമായി കരാറിൽ ഏർപ്പെട്ട സ്വകാര്യ സ്ഥാപനത്തിന് അരക്കോടിയോളം രൂപ കുടിശ്ശികയുണ്ട്. ഇതിനാൽ തുടർ ടെസ്റ്റുകൾ നടത്താനാവില്ലെന്ന് അറിയിച്ച് അവർ ആശുപത്രിക്ക് കത്ത് നൽകിയിട്ടുണ്ട്.
ആശുപത്രിയിൽ ലഭ്യമല്ലാത്ത മരുന്നുകൾ വിതരണം ചെയ്തിരുന്ന സ്വകാര്യ ഫാർമസിക്ക് 25 ലക്ഷത്തോളം രൂപ കുടിശ്ശിക നിലനിൽക്കുന്നതിനാൽ അവരുടെ സേവനവും അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചിട്ടുണ്ട്.
ഓർത്തോ വിഭാഗത്തിൽ സർജറിക്ക് ആവശ്യമായ സ്റ്റീൽ കമ്പികൾ ഉൾപ്പെടെ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന മൂന്നോളം കമ്പനികൾ ലക്ഷങ്ങൾ കുടിശ്ശിക വന്നത് മൂലം അവരുടെ വിതരണവും അവസാനിപ്പിക്കുന്നതായി കത്ത് നൽകിയിട്ടുണ്ട്.
ആരോഗ്യ ഇൻഷുറൻസ് ഫണ്ടുപയോഗിച്ച് നിയമിച്ച ജീവനക്കാർക്ക് ഓരോ മാസവും ശമ്പളം നൽകൻ പോലും പ്രയാസപ്പെടുകയാണ്. എച്ച്.എം.സി ഫണ്ടിൽനിന്ന് ഇത്തരം ആവശ്യങ്ങൾക്ക് ചിലവഴിക്കുന്ന ഫണ്ട് തിരിച്ചുപിടിക്കാൻ പോലും പറ്റാത്ത സാഹചര്യവും നിലനിൽക്കുന്നു.
ഇ-ഹെൽത്ത് സംവിധാനം നിലവിൽ വന്നതിന് ശേഷം ഏകീകൃത ഒ.പി ഫീസ് സംവിധാനം ഏർപ്പെടുത്തിയത് വഴി ഈവനിങ് ഒ.പിക്കും അത്യാഹിത വിഭാഗത്തിന്റെ ഒ.പിക്കും ടിക്കറ്റ് ഫീസ് അഞ്ച് രൂപയായി ചുരുക്കിയത് മൂലം പ്രതിമാസം എഴുപത്തയ്യായിരം രൂപയാണ് എച്ച്.എം .സി ഫണ്ടിൽ കുറവ് വരുന്നത്. ഇതും ആശുപത്രി വികസനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഈ നില തുടർന്നാൽ മറ്റു സർക്കാർ ആശുപത്രികളെപ്പോലെ ഇവിടെയും ഒ.പി ടിക്കറ്റ് പത്ത് രൂപയാക്കി ഉയർത്തുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കേണ്ടി വരുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
ഒ.പിയിൽ ദിനേന രണ്ടായിരത്തോളം രോഗികൾ വകുന്ന ഈ ആശുപത്രിയിൽ മെച്ചപ്പെട്ട ചികിത്സ സൗകര്യം ലഭ്യമാക്കാനും സുഗമമായ പ്രവർത്തനത്തിനും സർക്കാരിൽനിന്ന് അടിയന്തിരമായി ഫണ്ട് ലഭ്യമാക്കണമെന്നും ആരോഗ്യസ്ഥിരം സമിതി ചെയർമാൻ പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ച് ഡി.എം.ഒ, ആരോഗ്യകാര്യ ഡയറക്ടർ, ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി, ആരോഗ്യ വകുപ്പ് മന്ത്രി എന്നിവർക്ക് കത്തയക്കുമെന്നും അദ്ദേഹം അറിയിച്ചു.