പ്രചാരണം പൊടിപാറുന്നു; കളം നിറഞ്ഞ് മുന്നണികൾ
text_fieldsതിരൂരങ്ങാടി: യു.ഡി.എഫിന്റെ, വിശിഷ്യ ലീഗിന്റെ കോട്ടയായ തിരൂരങ്ങാടിയിൽ മത്സരം പൊടിപാറുന്നു. വാർഡ് വിഭജന ശേഷം നഗരസഭയിൽ 40 വാർഡുകളാണ് ഉള്ളത്. 26 സീറ്റിൽ ലീഗ്, 11 -കോൺഗ്രസ്, രണ്ട് സീറ്റിൽ സി.എം.പി, ഒരു സീറ്റിൽ വെൽഫെയർ പാർട്ടി എന്നിങ്ങനെയാണ് മത്സരിക്കുന്നത്. ഇടത് ഇത്തവണ ടീം പോസിറ്റീവ് എന്ന സഖ്യത്തിലാണ് മത്സരിക്കുന്നത്. പി.ഡി.പി ഉൾപ്പെടെയുള്ളതാണ് പോസിറ്റീവ് മുന്നണി.
ഇതിൽ വാർഡ് 11ൽ സി.പി.എം നേതാവായ രാമദാസൻ, വാർഡ് 39ൽ സി. ഇബ്രാഹിം കുട്ടി, 21ൽ ഭബീഷ്, രണ്ടിൽ കെ. സാബിറ എന്നിവരാണ് പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നത്. ബാക്കിയുള്ള വാർഡുകളിൽ എല്ലാം സ്വതന്ത്രരെ നിർത്തിയാണ് ഇടത് പരീക്ഷണത്തിന് ഇറങ്ങിയിരിക്കുന്നത്. നിലവിൽ ബി.ജെ.പി, എസ്.ഡി.പി.ഐ, ആം ആദ്മി പാർട്ടി തുടങ്ങിയവരെല്ലാം മത്സരരംഗത്ത് സജീവമായുണ്ട്. തെരഞ്ഞെടുപ്പ് ചൂട് കൊടുമുടി കയറിയ തിരൂരങ്ങാടിയിൽ ലീഗിന് വാർഡ് 21ൽ വിമത ശല്യവും ഉണ്ട്.
ഇവിടെ വനിത ലീഗ് നേതാവും നഗരസഭ ഉപാധ്യക്ഷയുമായ കാലടി സുലൈഖയാണ് ലീഗ് വിമത. മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാമിന്റെ വീട് കൂടി ഉൾപ്പെടുന്ന വാർഡ് കൂടിയാണിതെന്നുള്ള പ്രത്യേകത കൂടിയുണ്ട്. നഗരസഭയിൽ നിലവിൽ ചെയർമാൻ സ്ഥാനം വനിത സംവരണമാണ്. 21ൽ മത്സരിക്കുന്ന സി.പി. ഹബീബ, വാർഡ് നാലിൽ മത്സരിക്കുന്ന ഷാഹിന തിരുനിലത്ത് എന്നിവരാണ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണനയിൽ ഉള്ളത്.
ഇരു മുന്നണികളും കടുത്ത പ്രചാരണ പ്രവർത്തനങ്ങളുമായി സജീവമായിട്ടുണ്ട്. നിലവിൽ 39 വാർഡുള്ള നഗരസഭയിൽ ലീഗ് -24, കോൺഗ്രസ് -ആറ്, സി.എം.പി -രണ്ട്, വെൽഫെയർ പാർട്ടി -ഒന്ന്, സ്വതന്ത്രർ -രണ്ട്, നാല് സീറ്റിൽ ഇടത് എന്നിങ്ങനെയാണ് കക്ഷി നില.


