വാഹന പരിശോധനയിലും പാട്ടുവഴിയിലും ട്രാക്ക് തെറ്റാതെ ഷാജിൽ
text_fieldsഷാജിൽ സ്റ്റുഡിയോയിൽ പാട്ട് റിഹേഴ്സലിൽ
റോഡിലെ വാഹനപരിശോധനയിൽ മാത്രമല്ല, പാട്ടിെൻറ വഴിയിലും നിറസാന്നിധ്യമാണ് തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പിൽ അസി. വെഹിക്കിൾ ഇൻസ്പെക്ടറായ ഷാജിൽ കെ. രാജ്. ഒരാഴ്ച മുമ്പ് സംസ്ഥാന മോട്ടോർ വാഹന വകുപ്പ് മീഡിയ വിഭാഗം പുറത്തിറക്കിയ ഓക്സിജൻ വിഡിയോയിൽ പാടി ശ്രദ്ധ നേടിയിരുന്നു.
രണ്ട് വർഷമായി തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥനായ ഇദ്ദേഹത്തിന് സംഗീതം ജീവവായുവാണ്. സിനിമയിലും ആൽബത്തിലുമായി പാടിയത് ഇരുനൂറോളം പാട്ടുകളാണ്. 1996ൽ തിരുവനന്തപുരം ട്രാൻസ്പോർട്ട് കമീഷണർ ഓഫിസിലാണ് ആദ്യം ജോലി ലഭിച്ചത്.
1992ൽ ഗായിക രേണുക ഗിരിജയോടൊപ്പം പാടിയാണ് സിനിമ രംഗത്തേക്ക് പ്രവേശിച്ചത്. 2005ൽ കെ.എസ് ചിത്രയോടൊപ്പം പാടിയെങ്കിലും രണ്ട് സിനിമയും റിലീസായില്ല. 'നീലക്കുയിലെ നിനക്കു വേണ്ടി'എന്ന ആൽബത്തിൽ എം.ജി. ശ്രീകുമാർ, സുജാത, അരുന്ധതി എന്നിവരോടൊപ്പം പാടി. സിനിമയിലും ആൽബങ്ങളിലും ട്രാക്ക് പാടാൻ അവസരം ലഭിച്ചിട്ടുണ്ട്. എം.പി. ബാലസുബ്രഹ്മണ്യത്തിെൻറ അഭിനന്ദനമാണ് ജീവിതത്തിൽ കിട്ടിയ വലിയ അംഗീകാരമെന്ന് ഷാജിൽ പറയുന്നു.
മാപ്പിളപ്പാട്ട്, ഹിന്ദു ഭക്തിഗാനങ്ങൾ, ക്രിസ്ത്യൻ ഭക്തിഗാനങ്ങൾ എന്നിവയും പാടിയിട്ടുണ്ട്. കോഴിക്കോട് കാരന്തൂർ കോണോത്ത് സ്വദേശിയാണ്. ജോയൻറ് ആർ.ടി.ഒ ആയിരുന്ന പരേതനായ കെ. രാമൻ-കെ.ടി. ജാനു ദമ്പതികളുടെ മകനാണ്. ഭാര്യ: ലാലി. മക്കൾ: റിന്നു, റിതിക്, റിഷാൽ.