മുച്ചക്ര വാഹനത്തിന് റിവേഴ്സ് ഗിയറൊരുക്കി യുവാവ്
text_fieldsറിവേഴ്സ് ഗിയർ ഘടിപ്പിച്ച മുച്ചക്ര വാഹനവുമായി ഷിബീഷ്
തിരൂരങ്ങാടി: മുച്ചക്ര വാഹനം ഉപയോഗിക്കുന്ന ഭിന്നശേഷിക്കാരുടെ പ്രധാന പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് യുവ മെക്കാനിക്ക്. എത്ര ദൂരവും പിറകോട്ട് പോകാൻ കഴിയുന്ന റിവേഴ്സ് ഗിയർ സംവിധാനമാണ് മുന്നിയൂർ ആലിൻചുവട് സ്വദേശി കളത്തിൽ ഷിബീഷ് ഒരുക്കിയത്. മുച്ചക്രമുള്ള ഗിയറില്ലാത്ത ഏത് സ്കൂട്ടറിനും ഇത് ഘടിപ്പിക്കാം.
വർഷങ്ങളായി ചെമ്മാട് ഷിബി മോട്ടോഴ്സ് എന്ന പേരിൽ ബൈക്ക് വർക്ഷോപ്പ് നടത്തുകയാണ് ഷിബീഷ്. വിവിധ ബൈക്കുകളുടെ ഉപയോഗശൂന്യമായ പാർട്സുകൾ ഉപയോഗിച്ച് സ്വന്തമായി കുഞ്ഞൻ ബൈക്ക് നിർമിച്ച് നേരത്തെ ശ്രദ്ധ നേടിയിരുന്നു.
2012ൽ മുച്ചക്ര വാഹനത്തിൽ റിവേഴ്സ് ഗിയർ ഘടിപ്പിച്ച് നടത്തിയ പരിശ്രമം പരാജയപ്പെട്ടിരുന്നു. ഒരു ഭിന്നശേഷിക്കാരെൻറ ആവശ്യത്തെ തുടർന്നാണ് വീണ്ടും പരിശ്രമിച്ചത്. കുറഞ്ഞ ചെലവിൽ ആവശ്യക്കാർക്കെല്ലാം നിർമിച്ചു നൽകാനാണ് ഷിബീഷിെൻറ തീരുമാനം.