നിപ മരണം: പരിസര പ്രദേശങ്ങളിലെ മൃഗങ്ങളുടെ രക്തസാമ്പിളുകൾ ശേഖരിച്ചു
text_fieldsനിപ ബാധിത പ്രദേശങ്ങളിലെ മൃഗങ്ങളിൽ നിന്ന് രക്തസാമ്പിളുകൾ ശേഖരിക്കുന്നു
തിരുവാലി: നിപ ബാധിത പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി മൃഗസംരക്ഷണ വകുപ്പ്. നിപ മരണം റിപ്പോർട്ട് ചെയ്ത പ്രദേശത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മൃഗങ്ങളിൽ നിന്ന് രക്ത, സ്രവ സാമ്പിളുകൾ ശേഖരിച്ചു. ഇവ വിശദ പരിശോധനക്കയക്കും. ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ. വി. ബിന്ദുവിന്റെ നേതൃത്വത്തിൽ ഡിസ്ട്രിക്ട് വെറ്റിനറി സെൻററിലെ ചീഫ് വെറ്റിനറി ഓഫിസർ ഡോ. ഷാജി, ഡോ. കെ. സുശാന്ത് എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് തിരുവാലി ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചത്. തിരുവാലി പഞ്ചായത്ത് ഓഫിസൽ അവലോകന യോഗവും ചേർന്നു. പഞ്ചായത്ത് പ്രസിഡൻറ് കെ. രാമൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി. മൃഗസംരക്ഷണ വകുപ്പിന്റെ പ്രതിരോധ പ്രവർത്തന നടപടികൾ ജില്ലാ മൃഗസംരക്ഷണ ഓഫിസർ വിശദീകരിച്ചു.
സംഘത്തിൽ ഡോ. കെ. അബ്ദുൽ നാസർ, തിരുവാലി വെറ്ററിനറി സർജൻ ജിബിൻ ജോർജ്, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരായ കെ.സി. സുരേഷ് ബാബു, ശ്രീനാഥ്, ഷഹിൻ ഷാ, ശബരി ജാനകി, പി. സുന്ദരൻ തുടങ്ങിയവർ സംബന്ധിച്ചു.