വേങ്ങരയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു; നാലുപേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
text_fieldsവേങ്ങര: കുന്നുംപുറം-വേങ്ങര റോഡിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു. കുന്നുംപുറത്തിനടുത്ത് ഇ.കെ പടിയിലാണ് കാറും ഓട്ടോ റിക്ഷയും മോട്ടോർ സൈക്കിളും തമ്മിൽ കൂട്ടിയിടിച്ചത്. അപകടത്തിൽ മോട്ടോർ സൈക്കിൾ യാത്രക്കാരന് ഗുരുതര പരിക്കേറ്റു. ഇയാളെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒപ്പം യാത്ര ചെയ്ത കുട്ടിക്കും പരിക്കേറ്റിട്ടുണ്ടെന്നറിയുന്നു. ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുകയായിരുന്ന രണ്ട് അതിഥി സംസ്ഥാന തൊഴിലാളികൾക്കും പരിക്കേറ്റു.
വേങ്ങര ഭാഗത്തു നിന്നു കുന്നുംപുറത്തേക്ക് വരികയായിരുന്ന കാർ തൊട്ടുമുന്നിലെ ഓട്ടോ റിക്ഷയിൽ ഇടിക്കുകയായിരുന്നു. പിന്നാലെ കുന്നുംപുറത്തു നിന്നു വേങ്ങര ഭാഗത്തേക്ക് വരികയായിരുന്ന മോട്ടോർ സൈക്കിളും കാർ ഇടിച്ചു തെറിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. നാട്ടുകാരനാണ് പരിക്കേറ്റവരെ സ്വകാര്യ ആശുപത്രികളിലേക്ക് കൊണ്ടു പോയത്.