സ്മാർട്ട് അഗ്രികൾചറിൽ സ്മാർട്ടായി തിരൂരിലെ പ്രതിഭകൾ
text_fieldsമികച്ച നടൻ വി.വി. മുഹമ്മദ് നോഷിൻ, മികച്ച നടി വി. ശ്രീനന്ദ
കോട്ടക്കൽ: മണ്ണും മനുഷ്യനും കേന്ദ്രകഥാപാത്രങ്ങളായി അരങ്ങിലെത്തിച്ച സ്മാർട്ട് അഗ്രികൾചർ നാടകത്തിന് നിറഞ്ഞ കൈയടി. പിന്നാലെ എട്ടു നാടകങ്ങളിൽ ഒന്നാം സ്ഥാനവും. തിരൂർ ജി.ബി.എച്ച്.എസ്.എസ്.എസിലെ പെൺപടയാണ് പുതുമയാർന്ന പ്രമേയവുമായി തട്ടിൽ കയറിയത്. അവതരണത്തിലും അഭിനയ മികവിലും മികച്ച പ്രകടനമാണ് കുട്ടികലാകാരികൾ കാഴ്ചവെച്ചത്. വിഷം പുരട്ടുന്ന കീടനാശിനികൾ ഒഴിവാക്കി വിഷ രഹിതമായ കൃഷിയിടങ്ങൾ സൃഷ്ടിക്കാൻ എ.ഐ സംവിധാനമടക്കമുള്ള സാങ്കേതിക വിദ്യകൾ പരീക്ഷിക്കണമെന്നാണ് നാടകം പറയുന്നത്.
പുതിയ ആശയങ്ങളും കണ്ടുപിടിത്തങ്ങളും പുതുതലമുറക്ക് പ്രചോദനമാകട്ടെയെന്നും അരമണിക്കൂർ നാടകം പ്രേക്ഷകരോട് സംവദിക്കുന്നു. ധനീഷ് വള്ളിക്കുന്ന് രചനയും സംവിധാനവും രചിച്ച നാടകത്തിൽ പി.പി. ശിഖയായിരുന്നു ടീം ലീഡർ. കെ. അനഘ, എം. അനഘ ലക്ഷ്മി, വി.കെ. ആത്മിക, പി. അഞ്ജിത, സെഡ്.എച്ച് സുഹ, സി.കെ. അനഘ, ഐ.പി. അൻസിക എന്നിവരായിരുന്നു മറ്റു അഭിനേതാക്കൾ. എട്ട്, ഒമ്പത് ക്ലാസ് വിദ്യാർഥിനികളാണിവർ.


