തിരൂർ ജില്ല ആശുപത്രിക്ക് ഓങ്കോളജി സ്പെഷാലിറ്റി ബ്ലോക്ക് നഷ്ടമായേക്കും
text_fieldsതിരൂർ: ജില്ലയിലെ അർബുദരോഗികളുടെ ആധിക്യം കണക്കിലെടുത്ത് തിരൂർ ജില്ല ആശുപത്രിയിലേക്ക് യു.ഡി.എഫ് സർക്കാർ അനുവദിച്ചിരുന്ന ഓങ്കോളജി സ്പെഷാലിറ്റി ബ്ലോക്ക് നഷ്ടമായേക്കും. ചൊവ്വാഴ്ച ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യുന്ന ഓങ്കോളജി കെട്ടിടത്തിന്റെ പേരിൽനിന്ന് ‘ഓങ്കോളജി’ നീക്കം ചെയ്യുന്നതിനാണ് സർക്കാർ തലത്തിൽ അണിയറ നീക്കം.
നിർമാണം തുടങ്ങി ഒമ്പത് വർഷത്തിന് ശേഷം പണി പൂർത്തീകരിച്ച് ഉദ്ഘാടനത്തിന് തയാറെടുക്കുമ്പോഴാണ് യു.ഡി.എഫ് ഭരണകാലത്ത് പ്രത്യേക ഉത്തരവിലൂടെ അനുവദിച്ച അർബുദ ചികിത്സ കേന്ദ്രത്തെ ഇല്ലാതാക്കി ജില്ല ആശുപത്രിയുടെ പൊതു കെട്ടിടമാക്കി മാറ്റാനുള്ള നീക്കം. ജില്ല ആശുപത്രിയിൽ പണിത സ്പെഷാലിറ്റി ഓങ്കോളജി കെട്ടിടത്തിന്റെ പേരിൽനിന്ന് ഓങ്കോളജി ബ്ലോക്ക് എന്ന പേര് നീക്കം ചെയ്ത് തിരൂർ ജില്ല ആശുപത്രി ന്യൂ ബ്ലോക്ക് എന്ന് നാമകരണം ചെയ്യാൻ ജില്ല മെഡിക്കൽ ഓഫിസർ ജില്ല ആശുപത്രി അധികൃതർക്ക് കഴിഞ്ഞ ദിവസം നിർദേശം നൽകിയെന്നാണ് വിവരം. തിരുവനന്തപുരത്ത് നിന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ (ഡി.എച്ച്.എസ്) നൽകിയ നിർദേശപ്രകാരമാണ് ഡി.എം.ഒ ആശുപത്രി അധികൃതർക്ക് നിർദേശം നൽകിയതെന്നറിയുന്നു.
പുതിയ കെട്ടിടത്തിൽനിന്ന് ഓങ്കോളജി ബ്ലോക്ക് എന്ന പേര് എടുത്ത് മാറ്റുന്നതോടെ അർബുദ ചികിത്സാ കേന്ദ്രമെന്ന നിലക്കുള്ള പുതിയ ഉപകരണങ്ങളും അധിക തസ്തികകളും സർക്കാറിന് അനുവദിക്കേണ്ടി വരില്ല. നിലവിൽ ജില്ല ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഓങ്കോളജി വിഭാഗം അതേപടി പുതിയ കെട്ടിടത്തിലേക്ക് മാറുക മാത്രമാണുണ്ടാവുക.
ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്യുന്ന കെട്ടിടത്തിന്റെ ഔദ്യോഗിക പ്രചാരണ ബോർഡിലും ശിലാഫലകത്തിലും ന്യൂ ബ്ലോക്ക് എന്ന് മാത്രമാണ് പ്രിന്റ് ചെയ്തിട്ടുള്ളത്. സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന മറ്റൊരു പ്രമുഖ സ്ഥാപനത്തെ സഹായിക്കുന്നതിനാണ് തിരൂരിന് ലഭിച്ച ഓങ്കോളജി ബ്ലോക്ക് ഇല്ലാതാക്കാൻ ശ്രമം നടത്തുന്നതെന്നാണ് ആരോപണം. ഓങ്കോളജി ബ്ലോക്ക് എന്ന നിലയിൽ പദ്ധതി തയാറാക്കി നിർമാണം പൂർത്തീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുമ്പോൾ കേവലം ന്യൂ ബ്ലോക്ക് മാത്രമായി മാറുന്നത് തിരൂരിനോടും മലപ്പുറം ജില്ലയോടും അധികൃതർ കാണിക്കുന്ന ചിറ്റമ്മ നയമാണെന്ന ആരോപണം ശക്തമാവുകയാണ്. ഇത് വരും ദിവസങ്ങളിൽ പ്രതിഷേധത്തിനിടയാക്കാനാണ് സാധ്യത.
ഓങ്കോളജി ബ്ലോക്കിന്റെ ഉദ്ഘാടനം നാളെ
തിരൂർ: ഒമ്പത് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് തിരൂർ ജില്ല ആശുപത്രിയിലെ ഓങ്കോളജി ബ്ലോക്കിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച ഉച്ചക്ക് 2.30 ന് ആരോഗ്യ മന്ത്രി വീണ ജോർജ് നിർവഹിക്കും. കുറുക്കോളി മൊയ്തീൻ എം.എൽ.എ അധ്യക്ഷത വഹിക്കും. ചടങ്ങിൽ കായിക ഹജ്ജ് വഖഫ് കാര്യ മന്ത്രി. വി. അബ്ദുറഹ്മാൻ, ഡോ. അബ്ദു സ്സമദ് സമദാനി എം.പി, ജില്ല കലക്ടർ വി.ആർ. വിനോദ്, മുൻ എം.എൽ.എ. സി. മമ്മുട്ടി തുടങ്ങിയവർ വിശിഷ്ടാതിഥികളായി സംബന്ധിക്കും.
നബാർഡിന്റെ 33.7 കോടി രൂപയും ജില്ല പഞ്ചായത്തിന്റെ ഏഴു കോടി രൂപയും ഉപയോഗിച്ചാണ് ഒമ്പത് നില ഓങ്കോളജി ബ്ലോക്ക് നിർമിച്ചത്. ഓങ്കോളജി വിഭാഗം ചികിത്സക്ക് വേണ്ടി ഉമ്മൻ ചാണ്ടി സർക്കാറാണ് കെട്ടിടം പണിയാൻ തീരുമാനിച്ചത്. 2016 ഫെബ്രുവരിയിലാണ് കെട്ടിട നിർമാണം തുടങ്ങിയത്. 2022ൽ പണി പൂർത്തിയാക്കി പൊതുമരാമത്ത് വകുപ്പ് കെട്ടിടം കൈമാറി. കീമോതെറാപ്പി, റേഡിയേഷൻ തെറാപ്പി, ക്യാൻസർ ഐ.സി.യു, സ്ത്രീകൾക്കും പുരുഷന്മാർക്കും വേണ്ടിയുള്ള വാർഡുകൾ എന്നിങ്ങനെ കാൻസർ രോഗനിർണയത്തിനും ചികിത്സക്കും ഉതകുന്ന വിധം രൂപകല്പന ചെയ്തിട്ടുള്ളതാണ് ഈ കെട്ടിടം.
നിലവിൽ സ്ഥലപരിമിതി മൂലം ബുദ്ധിമുട്ടുന്ന തിരൂർ ജില്ല ആശുപത്രിക്ക് പുതിയ കെട്ടിടം ഏറെ ആശ്വാസകരമാവും. നിലവിൽ നാലുനിലവരെയാണ് പ്രവർത്തന അനുമതിയുള്ളത്. ഇതിൽ എൻ.എച്ച്.എമ്മിന്റെ 21.14 ലക്ഷം വിനിയോഗിച്ചുള്ള മാമോഗ്രാം യൂനിറ്റ് പ്രവർത്തനമാരംഭിക്കും. സംസ്ഥാനത്ത് ആറ് ആശുപത്രികളിലാണ് ഈ സൗകര്യമുള്ളത്. പാർക്കിങ് സ്ഥലം, പൊലൂഷൻ കൺട്രോൾ ബോർഡ് അനുമതി എന്നിവ ലഭിക്കുന്ന മുറക്ക് കെട്ടിടം പൂർണമായും പ്രവർത്തന സജ്ജമാവും. ഇതോടെ അർബുദ ചികിത്സ രംഗത്ത് മലപ്പുറം ജില്ലയുടെയും പ്രത്യേകിച്ച് തിരൂരിന്റെയും ഒരു പതിറ്റാണ്ടു കാലത്തെ കാത്തിരിപ്പിനാണ് വിരാമമാവുന്നത്.