ലോഗോ രൂപകൽപനയിൽ അസ്ലം തന്നെ മാസ്റ്റർ
text_fieldsഅസ്ലം തിരൂർ, കേരള സ്കൂൾ കലോത്സവ ലോഗോ
തിരൂർ: ജനുവരി നാലുമുതൽ എട്ടുവരെ തിരുവനന്തപുരത്ത് നടക്കുന്ന 63ാമത് കേരള സ്കൂൾ കലോത്സവത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച് തിരൂർ സ്വദേശി അസ്ലം. ഈ വർഷം മുതൽ മത്സരയിനങ്ങളായി മാറിയ ഗോത്രകല രൂപങ്ങളുടെ അടയാളങ്ങൾ കൂടി ഉൾപ്പെടുത്തിയ കലോത്സവ ലോഗോ അസ്ലം തിരൂർ രൂപകൽപന ചെയ്തതാണ്. ദേശീയ സ്കൂൾ ഗെയിംസ്, സംസ്ഥാന സ്കൂൾ കായികോത്സവങ്ങൾ, പ്രഥമ കേരള ഗെയിംസ്, സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവം തുടങ്ങി 125 ലധികം ലോഗോകൾ രൂപകൽപന ചെയ്തിട്ടുണ്ട്. 22 വർഷത്തെ അധ്യാപക ജീവിതത്തിൽനിന്ന് 2024 മാർച്ചിലായിരുന്നു തുമരക്കാവ് എ.എൽ.പി സ്കൂളിലെ അധ്യാപകനായിരുന്ന അസ്ലം തിരൂർ പടിയിറങ്ങിയത്.
പ്രശസ്ത മാപ്പിള കവി വാഴപ്പുള്ളി മുഹമ്മദിന്റെ പേരമകനായ അദ്ദേഹം ആ കലാസാഹിത്യ പാരമ്പര്യം നിലനിർത്തിക്കൊണ്ട് കവിത, മാപ്പിള ഗാനരചന രംഗങ്ങളിൽ സജീവമാണ്. സഹപ്രവർത്തകൻ മുകുന്ദന്റെ പ്രേരണയാൽ വർഷങ്ങൾക്ക് മുമ്പ് സ്വന്തം വിദ്യാലയത്തിലെ ലോഗോ രൂപകൽപന ചെയ്താണ് തുടക്കം. നിലവിലെ പാഠപുസ്തകങ്ങളിലും അദ്ദേഹം വരച്ച ചിത്രങ്ങൾ ഇടംപിടിച്ചിട്ടുണ്ട്. വർഷങ്ങളോളം തിരൂർ ഉപ ജില്ല അധ്യാപക പരിശീലനങ്ങളിൽ റിസോഴ്സ് പേഴ്സനായും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ചിത്രകല ശിൽപശാലയിൽ പരിശീലകനായും പ്രവർത്തിച്ചു. റിട്ട. സെയിൽസ് ടാക്സ് ഓഫിസർ മുണ്ടക്കാട്ട് മൊയ്തീൻകുട്ടി, കോടിയേരി ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ശബ്ന മെഹ്റ. മകൻ: ജസീം അസ്ലം.