ചെറിയമുണ്ടം കോട്ടിലത്തറ പാലം യാഥാർഥ്യമാകുന്നു
text_fieldsപി.എ. മുഹമ്മദ് റിയാസ്
തിരൂർ: പൊലീസ് ലൈൻ പൊൻമുണ്ടം ബൈപാസിൽ ചെറിയമുണ്ടം-കോട്ടിലത്തറ മഞ്ഞക്കടവ് പാലം യാഥാർഥ്യത്തിലേക്ക്. പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും പ്രവൃത്തി ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് അഞ്ചിന് ചെറിയമുണ്ടം മീശപ്പടിയിൽ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും.
തിരൂര്‍ മുനിസിപ്പാലിറ്റിയിലെ പി.സി പടിയെയും ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിലെ ഇരിങ്ങാവൂരിനെയും ബന്ധിപ്പിക്കുന്ന പാലമാണിത്. താനൂർ, തിരൂർ മണ്ഡലങ്ങളെ ബന്ധിപ്പിച്ച് തിരൂർ പുഴയിൽ നിർമിക്കുന്ന കോട്ടിലത്തറ പാലം തിരൂർ, തലക്കടത്തൂർ, വൈലത്തൂർ എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്കിന് വലിയ പരിഹാരമാകും. ഇതിന് പുറമെ ചമ്രവട്ടം ഭാഗത്തുനിന്ന് മലപ്പുറത്തേക്ക് പോകുന്നവർക്ക് ഗതാഗതക്കുരുക്കില്ലാതെ യാത്രചെയ്യാം.
തിരൂർ തെക്കുമുറി പൊലീസ് ലൈനിൽ നിന്നാരംഭിക്കുന്ന പൊൻമുണ്ടം ബൈപാസിൽ തിരൂർ പുഴയെ മുറിച്ചുകടക്കാനായാണ് മഞ്ഞക്കടവിൽ പാലം നിർമിക്കുന്നത്. 13.92 കോടി രൂപ ചെലവഴിച്ചാണ് നിർമാണം നടക്കുന്നത്. പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനത്തിന് മുമ്പുതന്നെ പാലത്തിന്റെ പൈലിങ് ആരംഭിച്ചിട്ടുണ്ട്.
എം.എസ് മലബാര്‍ ടെക് എന്ന കമ്പനിയാണ് പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നത്. 98.50 മീറ്റര്‍ നീളം വരുന്ന കോട്ടിലത്തറ പാലത്തിന് ആറു സ്പാനുകള്‍ ആണുള്ളത്. 7.50 മീറ്റര്‍ വീതിയുള്ള ക്യാരിയേജ് വേയും 1.50 മീറ്റര്‍ വീതി വരുന്ന ഇരുവശങ്ങളിലുമുള്ള രണ്ട് ഫുട്പാത്തുകളും കൂടി മൊത്തം 11 മീറ്റര്‍ വീതിയുണ്ട്.
കൂടാതെ പി.സി പടി ഭാഗത്ത് അപ്രോച്ച് റോഡിന് 130 മീറ്റര്‍ നീളവും ഇരിങ്ങാവൂര്‍ ഭാഗത്ത് നൂറ് മീറ്റര്‍ നീളവുമുണ്ട്. പാലത്തിന്റെ അനുബന്ധ റോഡിനും ബി.എം ആൻഡ് ബി.സി സര്‍ഫെസിങ്, റോഡ് സേഫ്റ്റി പ്രവൃത്തികള്‍, വാഹനഗതാഗത സുരക്ഷാസംവിധാനം എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പാലം പൂർത്തിയാകുന്നതോടെ തിരൂർ ടൗൺ, പുങ്ങോട്ടുകുളം, പയ്യനങ്ങാടി, തലക്കടത്തൂർ, വൈലത്തൂർ എന്നിവിടങ്ങളിൽ കുരുക്കിൽപ്പെടാതെ പൊൻമുണ്ടത്ത് മലപ്പുറം റോഡിൽ എത്താം. കേന്ദ്ര റോഡ് ഫണ്ട് ഉപയോഗിച്ച് പൊലീസ് ലൈനിൽ മുത്തൂർ റെയിൽവേ മേൽപ്പാലത്തിന്റെ അപ്രോച്ച് റോഡ് പ്രവൃത്തിയും ഉടൻ ആരംഭിക്കും. ബൈപാസിൽ തിരൂർ എഴൂർ പി.സി പടി മുതൽ കോട്ടിലത്തറ വരെയുള്ള റോഡ് നവീകരിക്കാൻ സംസ്ഥാന സർക്കാർ നാലുകോടി രൂപയും അനുവദിച്ചിട്ടുണ്ട്.