സി.വി. വേലായുധൻ; വിടവാങ്ങിയത് കോൺഗ്രസിലെ പ്രധാനമുഖം
text_fieldsരമേശ് ചെന്നിത്തല സി.വി. വേലായുധനെ വസതിയിൽ സന്ദർശിച്ചപ്പോൾ (ഫയൽ ചിത്രം)
തിരൂർ: ജില്ലയിലെ കോൺഗ്രസിന്റെ പ്രധാനമുഖമായിരുന്നു വിടവാങ്ങിയ സി.വി. വേലായുധൻ. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം, യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി, ജില്ല രൂപീകരിച്ചത് മുതൽ ഡി.സി.സി അംഗം, തിരൂർ നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാൻ, തിരൂർ നഗരസഭ യു.ഡി.എഫ് ചെയർമാൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി, ദീർഘകാലം തിരൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്, തിരൂർ ഗവ. ആശുപത്രി വെൽഫെയർ കമ്മിറ്റി അംഗം, തലക്കടത്തൂർ അരിക്കനറ്റ് സൊസൈറ്റി ഡയറക്ടർ, തിരൂർ താലൂക്ക് വികസന സമിതി അംഗം, ഐ.എൻ.ടി.യു.സി ജില്ല സെക്രട്ടറി, ചെത്ത് തൊഴിലാളി യൂനിയൻ ജില്ല സെക്രട്ടറി, കൊടക്കൽ ഓട് കമ്പനി ഐ.എൻ.ടി.യു.സി യൂനിയൻ സെക്രട്ടറി, തിരൂർ ഫാർമേഴ്സ് കോഓപറേറ്റീവ് സൊസൈറ്റി ഡയറക്ടർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
വീക്ഷണം പത്രത്തിെൻറ റിപ്പോർട്ടറായും ഏജന്റായും പ്രവർത്തിച്ചിട്ടുണ്ട്. ആദ്യകാല നാടക അഭിനേതാവ് കൂടിയായിരുന്നു. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ സജീവമായ സി.വി വേലായുധൻ പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിലൂടെയാണ് രംഗത്തെത്തിയത്. അധ്യാപക പരിശീലന കോഴ്സിന് ചേർന്ന സമയത്താണ് ഗാന്ധിജി കോഴിക്കോട്ട് വന്നത്. ഗാന്ധിജിയിൽ ആകൃഷ്ടനായ ഇദ്ദേഹം പഠനം ബഹിഷ്കരിച്ച് സ്വാതന്ത്രസമര പോരാട്ടങ്ങളിൽ പങ്കാളിയായി.
എന്നാൽ, സ്വാതന്ത്രസമര പെൻഷൻ വാങ്ങാൻ തയാറായിരുന്നില്ല. അടിയന്തരാവസ്ഥക്കാലത്ത് സി.വി യെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചു. ജയിൽ വാസത്തിന് ശേഷം കൂടുതൽ സജീവമായി. മികച്ച പ്രാസംഗികനായിരുന്ന ഇദ്ദേഹം തിരൂരിൽ കോൺഗ്രസ് കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പിൽ തിരൂരിൽ നിന്ന് രണ്ട് അംഗങ്ങളാണ് സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
അതിലൊരാൾ സി.വി ആയിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്ന ഉമ്മൻചാണ്ടിയുടെ അഭ്യർഥന മാനിച്ച്, അന്നത്തെ യൂത്ത് കോൺഗ്രസ് നേതാവും ഇന്നത്തെ വനം മന്ത്രിയുമായ എ.കെ ശശീന്ദ്രന് വേണ്ടി സി.വി ആ സ്ഥാനം ത്യജിച്ചു.
എ.കെ ശശീന്ദ്രൻ സംഘടനതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സാഹചര്യത്തിൽ അദ്ദേഹത്തെത സംസ്ഥാന കമ്മിറ്റിയിൽ കൊണ്ടുവരാനായാണ് സി.വി ഒഴിഞ്ഞുകൊടുത്തത്. എ.കെ ആന്റണി, ഉമ്മൻ ചാണ്ടി, ആര്യാടൻ മുഹമ്മദ്, യു.കെ ഭാസി, സി. ഹരിദാസ് തുടങ്ങിയവരെല്ലാം സി.വിയുടെ ഉറ്റസുഹൃത്തുക്കളായിരുന്നു.