പരാതികൾ കുറക്കുന്നതിൽ ഉദ്യോഗസ്ഥതല ജാഗ്രത വേണം -മന്ത്രി
text_fields‘കരുതലും കൈത്താങ്ങും’ തിരൂര്‍ താലൂക്ക് തല അദാലത്ത് മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി പി.എ. മുഹമ്മദ് റിയാസ് സമീപം
തിരൂർ: ജനങ്ങളുടെ പരാതികൾ ഉടൻ പരിഹരിക്കുന്നതിലും സർക്കാർ ഓഫിസുകളിൽ പരാതികൾ കുന്നുകൂടുന്ന സാഹചര്യം ഇല്ലാതാക്കുന്നതിലും ഉദ്യോഗസ്ഥ തലത്തിൽ തികഞ്ഞ ജാഗ്രത അനിവാര്യമാണെന്ന് ന്യൂനപക്ഷ ക്ഷേമ, ഹജ്ജ്-വഖഫ് മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു.
‘കരുതലും കൈത്താങ്ങും’ തിരൂർ താലൂക്ക് തല പരാതി പരിഹാര അദാലത്ത് തിരൂർ വാഗൺ ട്രാജഡി സ്മാരക ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ടൂറിസം-പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, മന്ത്രി വി. അബ്ദുറഹ്മാൻ എന്നിവരുടെ നേതൃത്വത്തിലാണ് തിരൂരിൽ അദാലത്ത് നടന്നത്. ജനങ്ങൾക്ക് എല്ലാ കാര്യങ്ങളിലും ശരിയായ അവബോധമുള്ള കാലമാണിത്. ചെറിയ കാര്യങ്ങൾക്ക് പോലും പലതവണ ഓഫിസുകൾ കയറിയിറങ്ങേണ്ട സാഹചര്യം ജനാധിപത്യത്തിന് ചേർന്നതല്ലെന്നും മന്ത്രി അബ്ദുറഹ്മാൻ പറഞ്ഞു.
ഒന്നരവർഷം മുമ്പ് എല്ലാ താലൂക്കുകളിലും മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തിയ അദാലത്തുകൾ മാതൃകാപരമായിരുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കുറുക്കോളി മൊയ്തീന് എം.എല്‍.എ, ജില്ല കലക്ടര്‍ വി.ആര്. വിനോദ്, സബ് കലക്ടര്‍ ദിലീപ് െക. കൈനിക്കര, എ.ഡി.എം എന്‍.എം. മെഹറലി, ജില്ലതല ഉദ്യോഗസ്ഥര്‍, ഫീൽഡ് ലെവൽ ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ പങ്കെടുത്തു.