തൃപ്രങ്ങോട് ഗ്രാമപഞ്ചായത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യ ബസ് യാത്ര; ആദ്യ സർവിസ് നാളെ
text_fieldsതിരൂർ: സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യ ബസ് യാത്രയുമായി തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത്. ആദ്യ സർവിസ് ശനിയാഴ്ച ആരംഭിക്കും.
തൃപ്രങ്ങോട് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ 10 ലക്ഷം രൂപ ഉൾപ്പെടുത്തിയാണ് സംസ്ഥാനത്ത് തന്നെ ആദ്യമായി സ്ത്രീകൾക്കും വിദ്യാർഥികൾക്കുമായി കെ.എസ്.ആർ.ടി.സിയുടെ സൗജന്യ ബസ് യാത്ര ആരംഭിക്കുന്നത്. രാവിലെ 7.30ന് ആരംഭിക്കുന്ന സർവിസ് വൈകീട്ട് ഏഴിന് അവസാനിക്കും വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ ബജറ്റിലാണ് തൃപ്രങ്ങോട് പഞ്ചായത്ത് സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യ ബസ് യാത്രയെന്ന പദ്ധതി പ്രഖ്യാപിച്ചത്.
ബജറ്റിൽ 10 ലക്ഷം രൂപ ഇതിനായി നീക്കിവെച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആദ്യമായി നടത്തുന്ന പദ്ധതിക്ക് സർക്കാർ തലത്തിൽ വലിയ ഇടപെടലുകൾ നടത്തിയതോടെയാണ് അനുമതി ലഭിച്ചത്. തൃപ്രങ്ങോട് പഞ്ചായത്തിലെ വിവിധ സ്കൂളുകൾ കേന്ദ്രീകരിച്ചാണ് സർവിസ്.
രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ മൂന്ന് സർവിസ് ആണ് നടത്തുന്നത്. ആദ്യ സർവിസ് ശനിയാഴ്ച പകൽ 3.30ന് ആലത്തിയൂരിൽ കെ.ടി. ജലീൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
വാർത്ത സമ്മേളനത്തിൽ തൃപ്രങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് വി. ശാലിനി, വൈസ് പ്രസിഡന്റ് എം.പി. ഫുക്കാർ, സെക്രട്ടറി പി.പി. അബ്ബാസ്, സ്ഥിരം സമിതി അധ്യക്ഷൻമാരായ വി.പി. ഷാജഹാൻ, ടി.വി. ലൈല, എം.പി. റഹീന എന്നിവർ പങ്കെടുത്തു.