ജില്ല പഞ്ചായത്ത് മംഗലം, തിരുനാവായ ഡിവിഷനുകൾ; യുവതികളെ കളത്തിലിറക്കി യു.ഡി.എഫും എൽ.ഡി.എഫും
text_fieldsആരതി പ്രദീപ്,തേജനന്ദ
തിരൂർ: ജില്ല പഞ്ചായത്ത് മംഗലം, തിരുനാവായ ഡിവിഷനുകളിൽ യുവതികളെ കളത്തിലിറക്കി യു.ഡി.എഫും എൽ.ഡി.എഫും. കഴിഞ്ഞ തവണ നഷ്ടപ്പെട്ട ജില്ല പഞ്ചായത്തിലെ മംഗലം ഡിവിഷൻ തിരിച്ചുപിടിക്കാനാണ് 22 കാരിയായ ആരതി പ്രദീപിനെ യു.ഡി.എഫ് കളത്തിലിറക്കുന്നത്. ഒഴൂർ സ്വദേശിനിയും കെ.എസ്.യു ജില്ല സെക്രട്ടറിയുമായ ആരതിയുടെ കന്നിയങ്കം കൂടിയാണിത്. സ്കൂൾ കാലഘട്ടം മുതൽ സജീവ കെ.എസ്.യു പ്രവർത്തകയായിരുന്നു.
കെ.എസ്.യു താനൂർ നിയോജക മണ്ഡലം പ്രസിഡന്റ്, എം.ഇ.എസ് പൊന്നാനി കോളജ് കെ.എസ്.യു യൂനിറ്റ് പ്രസിഡന്റ്, കാലിക്കറ്റ് യൂനിവേഴ്സിറ്റി യു.യു.സി ഐ.ഡി.സി ചെയർപേഴ്സൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. സെൻറ് മേരീസ് കോളേജ് സുൽത്താൻ ബത്തേരിയിലെ ഒന്നാം വർഷ ഇംഗ്ലീഷ് ബിരുദാനന്തര വിദ്യാർഥിനിയുമാണ് ആരതി. താനാളൂർ എ.എൽ.പി സ്കൂൾ പ്രധാനാധ്യാപകൻ ടി.പ്രദീപ് -രജ്ഞിത ദമ്പതികളുടെ മകളാണ്.
മാതാവും പിതാവും പഞ്ചായത്ത് മെംബർമാരായിരുന്ന കുടുംബത്തിലെ മുൻ പഞ്ചായത്ത് മെംബർ കൂടിയായ സി.എം. ജസീനയാണ് എൽ.ഡി.എഫ് സ്ഥാനാർഥി. മൂന്ന് വ്യത്യസ്ത സമയങ്ങളിൽ വെട്ടം ഗ്രാമപഞ്ചായത്ത് മെംബർ ആയിരുന്ന 50 കാരിയായ ജസീന ബി.എസ്.സി ബോട്ടണി വിരുദധാരിയാണ്. നിലവിൽ വെട്ടത്ത് പ്രവാസി സേവാ കേന്ദ്ര നടത്തിപ്പുകാരിയാണ്. ഫൈസലാണ് ജസീനയുടെ ഭർത്താവ്.
അതേസമയം, തിരുനാവായ ഡിവിഷൻ തിരിച്ചുപിടിക്കാനായാണ് 22 കാരിയായ എം.ജെ. തേജനന്ദയെ എൽ.ഡി.എഫ് കളത്തിലിറക്കുന്നത്. ആലത്തിയൂർ ഹനുമാൻ കാവ് ചേരോട്ടുപറമ്പിൽ മനോജ്-ജിജി മനോജ് ദമ്പതികളുടെ മകളാണ് തേജനന്ദ. പൊന്നാനി എം.ഇ.എസ് കോളജിൽ നിന്ന് ബി.എ ഇംഗ്ലീഷ് ബിരുദവും തുഞ്ചത്തെഴുത്തച്ഛൻ മലയാള യൂണിവേഴ്സിറ്റിയിൽ നിന്ന് മലയാളം സംസ്കാര പൈതൃക പഠനം ബിരുദാനന്ദര ബിരുദവും നേടി. എസ്.എഫ്.ഐ തവനൂർ ഏരിയ പ്രസിഡന്റ്, ഡി.വൈ.എഫ്.ഐ തവനൂർ ബ്ലോക്ക് കമ്മിറ്റി അംഗം, സി.പി.എം പൂഴിക്കുന്ന് ബ്രാഞ്ച് അംഗം എന്നീ നിലകളിലും തേജനന്ദ പ്രവർത്തിക്കുന്നു.


