ആലപ്പുഴ-തൃശൂർ-തിരൂർ വഴി കോഴിക്കോട്ടേക്കുള്ള കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ഇന്നുമുതൽ
text_fields- ഓൺലൈൻ റിസർവേഷൻ ആരംഭിച്ചു
- സർവിസുമായിബന്ധപ്പെട്ട് ‘മാധ്യമം’നിരന്തരം വാർത്ത നൽകിയിരുന്നു
തിരൂർ: കാത്തിരിപ്പിനൊടുവിൽ ആലപ്പുഴ-തൃശൂർ-തിരൂർ വഴി കോഴിക്കോട്ടേക്കുള്ള കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസ് സർവിസ് ഞായറാഴ്ച മുതൽ ആരംഭിക്കും. പരീക്ഷണാടിസ്ഥാനത്തിലാണ് സർവിസ് ആരംഭിക്കുന്നതെങ്കിലും വർഷങ്ങൾ നീണ്ട കാത്തിരിപ്പിനാണ് വിരാമമാവുന്നത്.
ഈ റൂട്ടിലെ സർവിസുമായി ബന്ധപ്പെട്ട് ‘മാധ്യമം’ നിരന്തരം വാർത്ത നൽകിയിരുന്നു. തിരുനാവായ, കുറ്റിപ്പുറം, എടപ്പാൾ വഴി തിരൂർ-തൃശൂർ ബന്ധിപ്പിക്കുന്ന ദീർഘദൂര ബസ് സർവിസാണിത്. കോഴിക്കോട് സ്റ്റേ ചെയ്യുന്ന രീതിയിലാണ് സർവിസ് ആരംഭിക്കുന്നത്. ഉച്ചക്ക് 1.10ന് ആലപ്പുഴയിൽ നിന്ന് പുറപ്പെടുന്ന ബസ് രാത്രി 8.45ന് കോഴിക്കോടെത്തും. 6.20ന് ചങ്ങരംകുളം, 6.30ന് എടപ്പാൾ, 6.50ന് കുറ്റിപ്പുറം, ഏഴിന് തിരുനാവായ, 7.20ന് തിരൂർ, 7.35ന് താനൂർ എന്നിങ്ങനെയാണ് സ്റ്റോപ്പുകളിലെ സമയം. അടുത്ത ദിവസം പുലർച്ചെ 3.20ന് കോഴിക്കോട്ടുനിന്ന് തിരിച്ച് രാവിലെ 10.10ന് ആലപ്പുഴയിൽ എത്തും. പുലർച്ചെ 4:20ന് താനൂർ, 4:30ന് തിരൂർ, 4:45ന് തിരുനാവായ, 4:55ന് കുറ്റിപ്പുറം, 5:10ന് എടപ്പാൾ, 5:20ന് ചങ്ങരംകുളം എന്നിങ്ങനെയാണ് സ്റ്റോപ്പുകൾ.
ആലപ്പുഴയിൽനിന്ന് എറണാകുളം വൈറ്റില, അങ്കമാലി, ചാലക്കുടി, തൃശൂർ, കുന്നംകുളം, എടപ്പാൾ, കുറ്റിപ്പുറം, തിരുനാവായ ക്ഷേത്രം, തിരൂർ, താനൂർ, പരപ്പനങ്ങാടി, കടലുണ്ടിക്കടവ് പാലം വഴിയാണ് സർവിസ് വരുന്നത്. തിരൂർ ഭാഗത്തുനിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോകുന്നവർക്കും തിരിച്ചുവരുന്നവർക്കും ബസ് ഏറെ ഉപകാരപ്പെടും. ബസിന് ഓൺലൈൻ റിസർവേഷനും ആരംഭിച്ചിട്ടുണ്ട്.
പരപ്പനങ്ങാടി, താനൂർ, തിരൂർ എന്നിവിടങ്ങളിലും റിസർവേഷൻ പോയന്റ് അനുവദിച്ചിട്ടുമുണ്ട്. കൂടാതെ കോഴിക്കോട് നിന്നും തൃശൂരിലേക്ക് ദേശീയപാത വഴി പോകുന്ന സൂപ്പർഫാസ്റ്റ് സർവിസിനേക്കാൾ 19 രൂപ കുറവുണ്ട് പുതിയ റൂട്ടിലെന്നതും ദീർഘദൂര യാത്രക്കാരെ ഈ ബസിലേക്ക് ആകർഷിക്കും.