Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightTirurchevron_rightപൊന്നാനി-പരപ്പനങ്ങാടി...

പൊന്നാനി-പരപ്പനങ്ങാടി തീരദേശ കെ.എസ്.ആർ.ടി.സി സർവിസ്; നായർതോട് പാലം വഴിയാക്കണമെന്ന ആവശ്യം ശക്തം

text_fields
bookmark_border
പൊന്നാനി-പരപ്പനങ്ങാടി തീരദേശ കെ.എസ്.ആർ.ടി.സി സർവിസ്;  നായർതോട് പാലം വഴിയാക്കണമെന്ന ആവശ്യം ശക്തം
cancel

തിരൂർ: പൊന്നാനി-പരപ്പനങ്ങാടി തീരദേശപാത വഴി സർവിസ് നടത്തുന്ന കെ.എസ്.ആർ.ടി.സിയുടെ ഓർഡിനറി ബസുകൾ നായർതോട് പാലം വഴി പുനഃക്രമീകരിക്കണമെന്ന ആവശ്യം ശക്തം. പൊന്നാനിയിൽനിന്ന് മംഗലം പാലം വഴി കൂട്ടായിയിലെത്തുന്ന ബസ്, പിന്നീട് പരപ്പനങ്ങാടി വരെ പൂർണമായും തീരദേശപാത വഴി സർവിസ് നടത്തുന്ന രീതിയിലാണ് ആരംഭിച്ചത്. എന്നാൽ, അപകടാവസ്ഥയിലായ മംഗലം പാലം അടച്ചതോടെ ഇരു ഭാഗത്തേക്കുമുള്ള ആറ് ട്രിപ്പിൽ രണ്ട് ട്രിപ്പ് മാത്രമാണ് കൂട്ടായിയിലേക്ക് പോകുന്നത്. ഇത് വാക്കാട്, കൂട്ടായി തുടങ്ങിയ ഭാഗങ്ങളിൽ നിന്നും ചമ്രവട്ടം പൊന്നാനി ഭാഗത്തേക്കുള്ള യാത്രക്കാർക്ക് തിരിച്ചടിയാണ്. പൊന്നാനി ഗവ. ആശുപത്രിയിലേക്കുള്ള രോഗികളും പൊന്നാനിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളും വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരുമായി നിരവധി പേരാണ് ഈ ബസ്സിനെ ദിവസവും ആശ്രയിച്ചിരുന്നത്. നിലവിൽ പൊന്നാനിയിൽ നിന്നും വരുമ്പോൾ പിന്നീട് മംഗലത്തു നിന്നും പരിയാപുരം-അരിക്കാഞ്ചിറ വഴിയാണ് തീരദേശ പാതയിലേക്ക് കയറുന്നത്. പിന്നീട് കൂട്ടായിയിലേക്ക് പോകാതെ പറവണ്ണ -ഉണ്യാൽ -താനൂർ ടൗൺ വഴി പരപ്പനങ്ങാടിയിലേക്ക് പോകുകയാണ് ചെയ്യുന്നത്. പരപ്പനങ്ങാടിയിൽ നിന്നും ഉച്ചക്ക് ശേഷമുള്ള മടക്കയാത്രയിൽ മാത്രമാണ് കൂട്ടായിയിലേക്ക് പോകുന്നത്. ചില തിരക്കുള്ള ദിവസങ്ങളിൽ രാത്രിയിലും കൂട്ടായിയിലേക്ക് പോകാറുണ്ട്. കൂട്ടായിൽ നിന്നും അരിക്കാഞ്ചിറ വരെ അതേ പാതയിൽ തിരിച്ചുവന്നതിനുശേഷമാണ് പരിയാപുരം വഴി പൊന്നാനി ഭാഗത്തേക്ക് ബസ് പോകുന്നത്. ഇത് ബസ്സിന് അധിക ഇന്ധനച്ചെലവും സമയവും വേണ്ടി വരുന്നുണ്ട്. കൂടാതെ കറങ്ങിയുള്ള സർവിസ് കളക്ഷനെയും ബാധിച്ചു.

നേരത്തെ പരപ്പനങ്ങാടി, താനൂർ തീരദേശ ഭാഗങ്ങളിൽ നിന്നും കൂട്ടായി ഭാഗത്തേക്കുള്ള ആദ്യത്തെയും അവസാനത്തെയും ബസ്സായിരുന്ന കെ.എസ്.ആർ.ടി.സിയെ നിരവധി യാത്രക്കാർ ആശ്രയിച്ചിരുന്നുവെങ്കിലും കൂട്ടായി വഴി ബസ് പോകാതെ വന്നതോടെ മിക്ക യാത്രക്കാരും ബസ്സിനെ കൈയൊഴിഞ്ഞ അവസ്ഥയിലാണ്. ഈ സർവിസുകൾ സമയമാറ്റം വരുത്താതെ പൊന്നാനിയിൽ നിന്നും ചമ്രവട്ടം പാലം- കാവിലക്കാട് -നായർതോട് പാലം വഴി തീരദേശപാതയിൽ എത്തിച്ചേരുന്ന രീതിയിൽ സർവിസ് പുനഃക്രമീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

നായർതോട് പാലം വഴി സർവിസ് പുനക്രമീകരിക്കുന്നതോടെ പൂർണമായും തീരദേശ പാത വഴി പോകുന്ന സർവിസ്, യാത്രക്കാർക്ക് കൂടുതൽ ഉപകാരപ്രദമാകുമെന്ന് തീരദേശവാസികൾ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ പൊന്നാനിയെയും പടിഞ്ഞാറേക്കര അഴിമുഖത്തെയും ബന്ധിപ്പിക്കുന്ന ഈ സർവിസ് വിനോദസഞ്ചാരികൾക്കും ഏറെ ഉപകാരപ്രദമായേക്കും. വരുന്ന മാസം ഉദ്ഘാടനം നിശ്ചയിച്ച നായർതോട് പാലത്തിലൂടെ ഉദ്ഘാടന ദിവസം തന്നെ സർവിസുകൾ ആരംഭിക്കാൻ വേണ്ട നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

Show Full Article
TAGS:development ponnani parappanangadi Tirur 
News Summary - Strong demand to route the Ponnani-Parappanangadi coastal KSRTC service via Nayarthode Bridge
Next Story