പ്രീമിയം സൂപ്പർ ഫാസ്റ്റുകൾ; സ്റ്റോപ്പ് കുറച്ചും നിരക്ക് കൂട്ടിയും തിരൂർ വഴി ഓടിത്തുടങ്ങി
text_fieldsതിരൂർ വഴിയുള്ള മാനന്തവാടി-പത്തനംതിട്ട പ്രീമിയം സൂപ്പർഫാസ്റ്റ് എയർ ബസ്
തിരൂർ: തിരൂർ വഴി കെ.എസ്.ആർ.ടി.സിയുടെ പ്രീമിയം സൂപ്പർഫാസ്റ്റ് ബസുകൾ സർവിസ് ആരംഭിച്ചു. നിലവിലുണ്ടായിരുന്ന പത്തനംതിട്ട-മാനന്തവാടി സൂപ്പർഫാസ്റ്റ്, പാലാ-പാണത്തൂർ സൂപ്പർഫാസ്റ്റ് ബസുകൾ അപ്ഗ്രേഡ് ചെയ്താണ് പ്രീമിയം സൂപ്പർഫാസ്റ്റ് സർവിസുകൾ ആരംഭിച്ചത്. എന്നാൽ സൂപ്പർഫാസ്റ്റായി സർവിസ് നടത്തിയിരുന്നതിനേക്കാൾ സ്റ്റോപ്പുകൾ കുറച്ചും നിരക്ക് കൂട്ടിയുമാണ് പ്രീമിയം സൂപ്പർഫാസ്റ്റ് ബസുകൾ സർവിസ് നടത്തുന്നത്. റണ്ണിങ് ടൈം കുറച്ചിട്ടുണ്ടെങ്കിലും ബസ് സമയത്തിന് ഓടി എത്തുന്നില്ലെന്ന പരാതിയുമുണ്ട്.
സൂപ്പർഫാസ്റ്റ് ആയിരുന്നപ്പോൾ രാവിലെ 11:30നകം തിരൂരിലെത്തിയിരുന്ന മാനന്തവാടി -പത്തനംതിട്ട സൂപ്പർഫാസ്റ്റ് പ്രീമിയം സൂപ്പർഫാസ്റ്റ് ആയതോടെ തിരൂരിലെ സമയം 10:30 ആണ് കൊടുത്തിരിക്കുന്നത്. എന്നാൽ നിശ്ചയിക്കപ്പെട്ട സമയം കഴിഞ്ഞ് 45 മുതൽ ഒരു മണിക്കൂർ വരെ വൈകി പഴയ സമയത്താണ് ബസ് എത്തിക്കൊണ്ടിരിക്കുന്നത്. തിരിച്ച് പത്തനംതിട്ടയിൽനിന്നും മാനന്തവാടിയിലേക്കുള്ള മടക്കയാത്രയിൽ ഉച്ചക്ക് മൂന്നോടെയാണ് തിരൂരിൽ എത്തിക്കൊണ്ടിരുന്നത്. എന്നാൽ പുതിയ സമയപ്രകാരം ഉച്ചക്ക് ഒന്നാണ് തിരൂരിലെ സമയം. എന്നാൽ ബസ് ഇപ്പോഴും രണ്ടു മുതൽ രണ്ടര മണിക്കൂർ വരെ വൈകി പഴയ സമയത്താണ് ഓടിയെത്തുന്നത്. ഇത് റിസർവേഷൻ ചെയ്തു കാത്തുനിൽക്കുന്ന യാത്രക്കാർക്കുണ്ടാകുന്ന പ്രയാസം ചെറുതല്ല.
ജീവനക്കാരുടെ ഡ്യൂട്ടി കുറക്കാൻ വേണ്ടിയാണ് ബസിന് ഓടിയെത്താൻ കഴിയാത്ത സമയക്രമം നൽകിയിട്ടുള്ളതെന്ന ആക്ഷേപം ജീവനക്കാരും ഉയർത്തുന്നുണ്ട്. തിരൂർ-ഗുരുവായൂർ വഴി സർവിസ് നടത്തുന്ന കോഴിക്കോട്- എറണാകുളം പാതയിലെ പ്രീമിയം സൂപ്പർഫാസ്റ്റിന്റെ സ്റ്റോപ്പുകൾ കോഴിക്കോട്, ചെറുവണ്ണൂർ, യൂനിവേഴ്സിറ്റി, പരപ്പനങ്ങാടി, താനൂർ, തിരൂർ, ആലത്തിയൂർ, പൊന്നാനി, പാലപ്പെട്ടി ഹോസ്പിറ്റൽ, ഗുരുവായൂർ, ചേറ്റുവ, വാടാനപ്പള്ളി, തൃപ്രയാർ, പുതിയകാവ്, കൊടുങ്ങല്ലൂർ, മൂത്തകുന്നം, നോർത്ത് പറവൂർ, വാരാപ്പുഴ, എറണാകുളം എന്നിവയാണ്.
തിരൂർ വഴി മറ്റൊരു ദീർഘദൂര സൂപ്പർഫാസ്റ്റ് സർവിസ് കൂടി
തിരൂർ: തിരൂർ വഴി മറ്റൊരു സൂപ്പർഫാസ്റ്റ് സർവിസ് കൂടി ആരംഭിക്കുന്നു. അടൂരിൽനിന്നും മാനന്തവാടിയിലേക്കാണ് സർവിസ്. ഉച്ചക്ക് രണ്ടിന് അടൂരിൽനിന്ന് പുറപ്പെടുന്ന ബസ് കോട്ടയം-എറണാകുളം-കൊടുങ്ങല്ലൂർ-ഗുരുവായൂർ വഴി രാത്രി 9.30 ഓടെ തിരൂരിലെത്തും. തുടർന്ന് താനൂർ-യൂനിവേഴ്സിറ്റി- കോഴിക്കോട്-താമരശ്ശേരി-കൽപ്പറ്റ-പടിഞ്ഞാറത്തറ വഴി അർധരാത്രി 12.50ന് മാനന്തവാടിയിൽ എത്തിച്ചേരും. മടക്കം തിരൂർ വഴിയല്ല സർവിസ് നടത്തുന്നത്.


