ഹൈസ്കൂൾ അധ്യാപകരുടെ പ്രൊബേഷൻ ഡിക്ലറേഷൻ നവംബർ ആറ് മുതൽ
text_fieldsതിരൂർ: ജില്ലയിലെ സർക്കാർ ഹൈസ്കൂൾ അധ്യാപകരുടെ പ്രൊബേഷൻ വൈകുന്നെന്ന ആക്ഷേപം ശക്തമായതോടെ അധികൃതരുടെ ഇടപെടൽ. ഇതോടെ മലപ്പുറം റവന്യൂ ജില്ലയിലെ ജില്ല വിദ്യാഭ്യാസ ഓഫിസുകൾക്ക് കീഴിൽ വരുന്ന സർക്കാർ സ്കൂളുകളിൽ പുതുതായി ജോലിയിൽ പ്രവേശിച്ച ഹൈസ്കൂൾ അധ്യാപകരുടെ പ്രൊബേഷൻ ഡിക്ലറേഷൻ നടത്താനുള്ള ക്യാമ്പുകൾ നവംബർ ആറിന് ആരംഭിക്കും. ജോലിയിൽ പ്രവേശിച്ച് നാലും മൂന്നും വർഷങ്ങൾ പിന്നിട്ടവരുടെ പ്രൊബേഷൻ നടപടികൾ ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം വൈകുന്നതായി ആക്ഷേപം ശക്തമായിരുന്നു. കഴിഞ്ഞ ദിവസം ‘മാധ്യമം’ ഇത് വാർത്തയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.
നവംബർ ആറു മുതൽ 23 വരെ 12 ദിവസങ്ങളിലായി ജില്ലയിലെ നാല് വിദ്യാഭ്യാസ ഓഫിസുകളിലായിട്ടാണ് ക്യാമ്പുകൾ ക്രമീകരിച്ചിട്ടുള്ളത്. ഇതിനായി ഓരോ ജില്ല വിദ്യാഭ്യാസ ഓഫിസർമാരും അവരുടെ കീഴിൽ വരുന്ന ഹൈസ്കൂൾ പ്രധാനാധ്യാപകരെ മുൻകൂട്ടി ക്യാമ്പ് വിവരം അറിയിക്കണമെന്നും ക്യാമ്പുകൾ നടക്കുന്നതിന് രണ്ട് ദിവസങ്ങൾക്ക് മുമ്പായി അപേക്ഷയും സേവന പുസ്തകവും മറ്റു ആവശ്യമായ രേഖകളും ജില്ല വിദ്യാഭ്യാസ ഓഫിസിൽ വാങ്ങി സൂക്ഷിക്കണമെന്നും ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ കെ.പി. രമേഷ് കുമാർ ഇറക്കിയ സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. ക്യാമ്പുകളുടെ തീയതിയും സ്ഥലവും: നവംബർ ആറ്, ഏഴ്, എട്ട് -തിരൂരങ്ങാടി ജില്ല വിദ്യാഭ്യാസ ഓഫിസ്, 14, 15, 16 -തിരൂർ ജില്ല വിദ്യാഭ്യാസ ഓഫിസ്, 18, 19, 20 -മലപ്പുറം ജില്ല വിദ്യാഭ്യാസ ഓഫിസ്, 21, 22, 23 -വണ്ടൂർ ജില്ല വിദ്യാഭ്യാസ ഓഫിസ്.