താനൂർ ബോട്ട് ദുരന്തം: ബോട്ടിനെതിരെയുള്ള പരാതി സ്റ്റേഷനിൽ ലഭ്യമല്ലെന്ന് ഡി.ഐ.ജി
text_fieldsതിരൂർ: താനൂർ ബോട്ട് ദുരന്തത്തിനിടയാക്കിയ അറ്റ്ലാന്റിക് ബോട്ടിനെതിരെ അപകടത്തിനുമുമ്പ് ലഭിച്ച പരാതി, ബോട്ട് ഉടമകളുടെ യോഗം ചേർന്നതിന്റെ മിനുട്സ്, മീറ്റിങ്ങിന്റെ സി.സി.ടി.വി ഫൂട്ടേജ് തുടങ്ങിയവ സംബന്ധിച്ച് ജനറൽ ഡയറിയിൽപോലും എന്തെങ്കിലും വിധത്തിലുള്ള പരാമർശങ്ങൾ കാണാൻ സാധിച്ചില്ലെന്ന് തൃശൂർ മേഖല ഡി.ഐ.ജി ഹരിശങ്കർ മൊഴി നൽകി.
ബോട്ട് ദുരന്തം അന്വേഷിക്കുന്ന ജുഡീഷ്യൽ കമീഷന്റെ ചെയർമാൻ ജസ്റ്റിസ് വി.കെ. മോഹനൻ, അംഗം ഡോ. കെ. നാരായണൻ എന്നിവർ തിരൂർ ഗവ. റസ്റ്റ് ഹൗസിൽ നടത്തിയ സിറ്റിങ്ങിലാണ് തൃശൂർ റേഞ്ച് ഡി.ഐ.ജി സത്യവാങ്മൂലം നൽകിയത്. 2024 ജനുവരി മുതലുള്ള സി.സി.ടി.വി ഫൂട്ടേജ് മാത്രമാണ് നിലവിൽ താനൂർ പൊലീസ് സ്റ്റേഷനിൽ ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
അപകട കാലയളവിൽ ജില്ല കലക്ടറായിരുന്ന പ്രേംകുമാറിന്റെ അഭാവത്തിൽ പകരം സാക്ഷിയായി വിസ്തരിച്ച എ.ഡി.എം എൻ.എം. മെഹറലി പ്രധാനപ്പെട്ട വിവരങ്ങളാണ് സാക്ഷിവിസ്താരവേളയിൽ കമീഷൻ മുമ്പാകെ വെളിപ്പെടുത്തിയത്.
നിയമവിരുദ്ധമായി ബോട്ട് സർവിസ് നടത്തുന്ന ഉടമകൾക്കെതിരെ നടപടി എടുക്കുന്നതിന് പൊന്നാനി പോർട്ട് കൺസർവേറ്ററിനെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും ഭാരതപ്പുഴ, ചാലിയാർ പുഴ എന്നിവിടങ്ങളിലുള്ള ബോട്ട് സർവിസുകളെ സംബന്ധിച്ച് മാത്രമാണ് കൺസർവേറ്റർ റിപ്പോർട്ട് നൽകിയിരുന്നതെന്നുമാണ് എ.ഡി.എം മൊഴി നൽകിയത്. പൂരപ്പുഴയിൽ അപകട സാധ്യതയുണ്ടെന്ന് ആരും റിപ്പോർട്ട് നൽകിയിട്ടില്ലെന്നും എ.ഡി.എം വിസ്താരവേളയിൽ പറഞ്ഞു.
ജില്ല ദുരന്തനിവാരണ സമിതിയുമായി ബന്ധപ്പെട്ട ഫയലുകൾ കമീഷൻ മുമ്പാകെ ഹാജരാക്കാൻ തയാറാണെന്നും എ.ഡി.എം വ്യക്തമാക്കി. ദുരന്തത്തിൽപെട്ട അറ്റ്ലാൻറിക് ബോട്ടിന് താനൂർ നഗരസഭ സർവിസ് നടത്തുന്നതിന് അനുമതി നൽകിയിട്ടില്ലെന്ന് താനൂർ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം.പി. അഷറഫ് കമീഷൻ മുമ്പാകെ പറഞ്ഞു.
കമീഷന്റെ തുടർവിചാരണ നടപടികൾ ഏപ്രിൽ 19ലേക്ക് മാറ്റി. കമീഷനുവേണ്ടി അഡ്വ. രമേശ്, സർക്കാറിനുവേണ്ടി ഗവ. പ്ലീഡർ അഡ്വ. ടി.പി. അബ്ദുൽ ജബ്ബാർ, മുസ്ലിം ലീഗ് ജില്ല കമ്മിറ്റി, താനൂർ മണ്ഡലം കമ്മിറ്റി എന്നിവർക്കുവേണ്ടി അഡ്വ. കെ.എ. ജലീൽ, ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്കുവേണ്ടി അഡ്വ. പി.പി. റഹൂഫ്, സർക്കാർ ഉദ്യോഗസ്ഥരായ പ്രതികൾക്കുവേണ്ടി അഡ്വ. ബാബു കാർത്തികേയൻ, ബോട്ടുടമകൾക്കും മറ്റു പ്രതികൾക്കുംവേണ്ടി അഡ്വ. നസീർ ചാലിയം എന്നിവർ ഹാജരായി.