തിരൂർ ജില്ല ആശുപത്രി ഓങ്കോളജി ബ്ലോക്കിന്റെ ഉദ്ഘാടനം 11ന്
text_fieldsഉദ്ഘാടനത്തിനൊരുങ്ങിയ തിരൂർ ജില്ല ആശുപത്രിയിലെ ഓങ്കോളജി കെട്ടിടം
തിരൂർ: ജില്ലയിലെയും സമീപ ജില്ലകളിലെയും അർബുദ രോഗികൾക്ക് ചികിത്സ ഒരുക്കാൻ തിരൂർ ജില്ല ആശുപത്രിയിൽ നിർമാണം പൂർത്തീകരിച്ച ഓങ്കോളജി ബ്ലോക്കിന്റെ ഉദ്ഘാടനം ആഗസ്റ്റ് 11ന് ആരോഗ്യ മന്ത്രി വീണ ജോർജ് നിർവഹിക്കും. മാമോഗ്രാമിന്റെ ഉദ്ഘാടനം കായിക മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിക്കും. കുറുക്കോളി മൊയ്തീൻ എം.എൽ.എ അധ്യക്ഷത വഹിക്കും. നബാർഡിന്റെ 28 കോടിയും ജില്ല പഞ്ചായത്തിന്റെ ഏഴു കോടി രൂപയും ഉപയോഗിച്ചാണ് ഒമ്പത് നിലകളിലുള്ള കെട്ടിടത്തിൽ ഓങ്കോളജി ബ്ലോക്കിന്റെ നിർമാണം പൂർത്തിയാക്കിയിട്ടുള്ളത്. 33 കോടി രൂപയാണ് പദ്ധതിക്കായി നബാർഡ് അനുവദിച്ചിരുന്നത്. എന്നാൽ, സമയബന്ധിതമായി പണി പൂർത്തിയാകാത്തതിനാൽ അഞ്ച് കോടി രൂപ ലാപ്സാവുകയായിരുന്നു. കെട്ടിട നിർമ്മാണം കഴിഞ്ഞിട്ട് വർഷങ്ങളായെങ്കിലും സാങ്കേതിക കുരുക്കിൽ പെട്ടാണ് ഉദ്ഘാടനം നീണ്ടുപോയത്.
ഓങ്കോളജി വിഭാഗ ചികിത്സക്ക് ഉമ്മൻ ചാണ്ടി സർക്കാറാണ് കെട്ടിടം പണിയാൻ തീരുമാനിച്ചത്. 2016 ലാണ് കെട്ടിടത്തിന് തറക്കല്ലിട്ടത്. നാല് നിലക്കാണ് നഗരസഭ നമ്പർ നൽകിയിട്ടുള്ളത്. കെട്ടിടനമ്പർ ലഭ്യമാകാത്തത് മൂലം സർക്കാർ എട്ട് വ്യവസ്ഥകൾക്ക് ഇളവ് നൽകിയിരുന്നു. ഫയർ ആൻഡ് സേഫ്റ്റി എൻ.ഒ.സി കിട്ടാത്തതായിരുന്നു കെട്ടിടത്തിന് നമ്പർ നൽകാതിരിക്കാനുള്ള കാരണം. 2022ൽ പൊതുമരാമത്ത് വകുപ്പ് പണി പൂർത്തിയാക്കി കെട്ടിടം പൂർണമായും കൈമാറുകയും ചെയ്തു. എന്നാൽ അഗ്നിരക്ഷാ സേനയുടെ അനുമതിപത്രം ലഭിക്കാത്തതിനാൽ തിരൂർ നഗരസഭ ഈ കെട്ടിടത്തിന് നമ്പർ അനുവദിച്ചിരുന്നില്ല. പ്രതിസന്ധികൾക്ക് വിരാമമിട്ട് എൻ.ഒ.സി ലഭിച്ചതോടെയാണ് ഓങ്കോളജി ബ്ലോക്ക് തുറന്നു കൊടുക്കാനൊരുങ്ങുന്നത്.
ജില്ലയിലെയും സമീപ ജില്ലകളിലെയും അർബുദ രോഗികളുടെ പരിശോധനയായിരുന്നു ലക്ഷ്യം. എന്നാൽ, നിലവിലെ സർക്കാർ ഒമ്പത് നിലകളും അർബുദ ചികിത്സക്ക് നൽകേണ്ടതില്ലെന്ന നിലപാടെടുത്തു. അതിനാൽ ഹോസ്പിറ്റലിൽ നിലവിലുള്ള ചികിത്സ സൗകര്യം തന്നെയേ ലഭിക്കൂ. ആദ്യത്തെ നാലു നിലകളാണ് അർബുദ രോഗികളുടെയും മറ്റു രോഗികളുടെയും ചികിത്സക്ക് ഇപ്പോൾ തുറന്നുകൊടുക്കുക.
അർബുദ പരിശോധനക്ക് പുറമെ ഫിസിയോ തെറപ്പി ഉൾപ്പെടെ ആ കെട്ടിടത്തിലേക്ക് മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. മരുന്നുകളും എത്തിച്ചു. ബാക്കി ഏതൊക്കെ വിഭാഗങ്ങൾ അങ്ങോട്ട് മാറ്റുമെന്നും ഒ.പി മുഴുവനായും മാറ്റണമോ എന്നും ഉദ്ഘാടനത്തിന് മുമ്പായി തീരുമാനിക്കും.
ഇനി റേഡിയേഷൻ നൽകാനുള്ള യന്ത്രവും അനുബന്ധ ഉപകരണങ്ങളും വാങ്ങാൻ 17 കോടി രൂപ വേണം. ഇതിന് സംസ്ഥാന സർക്കാരോ നബാർഡോ കനിയണം. റേഡിയേഷൻ റൂം കോടികൾ മുടക്കി നിർമിച്ചിട്ടുണ്ടെങ്കിലും മെഷീൻ സ്ഥാപിക്കാനായില്ല. നിലവിൽ തിരൂർ ജില്ല ആശുപത്രിയിൽ പ്രവർത്തിക്കുന്ന അർബുദ ചികിത്സ കേന്ദ്രത്തിൽ ഒരു വർഷം 8000ഓളം രോഗികൾ ചികിത്സ തേടിയെത്തുന്നുണ്ട്. ദിനേന 80 പേരും ചികിത്സക്ക് എത്തുന്നുണ്ട്.
ദിവസവും 40 പേർക്ക് കീമോയും ചെയ്യുന്നുണ്ട്. അർബുദ വിഭാഗത്തിനു മാത്രമായി നിർമിച്ച കെട്ടിടമാണെങ്കിലും സർക്കാർ സഹായം ലഭിക്കാത്തതിനാൽ പദ്ധതിക്ക് ലക്ഷ്യത്തിലെത്താൻ കഴിഞ്ഞിട്ടില്ല. ഇതോടെയാണ് കെട്ടിടം തുറന്ന് ആശുപത്രിയിൽ പ്രവർത്തിക്കുന്ന അർബുദ വിഭാഗം പ്രവർത്തനം ഇവിടേക്കു മാറ്റാൻ തീരുമാനിച്ചത്. ഈ കെട്ടിടത്തിലേക്കു പുതിയ കവാടം നിർമിച്ചിട്ടുണ്ട്.
ഉദ്ഘാടനം വിജയമാക്കാൻ സ്വാഗത സംഘം യോഗം ചേർന്നു. കുറുക്കോളി മൊയ്തീൻ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ നസീബ അസീസ്, തിരൂർ നഗരസഭ ചെയർപേഴ്സൻ എ.പി. നസീമ, ആശുപത്രി സൂപ്രണ്ട്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.