വാഗണ്‍ കൂട്ടക്കുരുതിക്ക് 103 വയസ്സ്
text_fieldsതിരൂർ മുനിസിപ്പൽ വാഗണ്‍ ട്രാജഡി സ്മാരക ടൗൺ ഹാളിൽ സ്മാരകത്തിന്റെ ഭാഗമായി സ്ഥാപിച്ച വാഗൺ മാതൃക
തിരൂർ: സ്വാതന്ത്ര്യസമരത്തിലെ പ്രധാന ഏടുകളിലൊന്നായ വാഗണ്‍ കൂട്ടക്കൊല നടന്നിട്ട് 103 വർഷം പിന്നിടുന്നു. ബ്രിട്ടീഷ് സായുധപട്ടാളക്കാരോട് ഏറ്റുമുട്ടിയ ഏറനാട്ടിലെയും വള്ളുവനാട്ടിലെയും മാപ്പിള സമരപോരാളികളെ ബ്രിട്ടീഷുകാര്‍ നിഷ്ഠുരമായി കൂട്ടക്കൊല ചെയ്തതിന്റെ നടുക്കുന്ന ഓർമകളാണ് വാഗണ്‍ കൂട്ടക്കുരുതിക്ക് പറയാനുള്ളത്.
കേരള ചരിത്രത്തിലെ പ്രസിദ്ധമായ സമരംകൂടിയായിരുന്നു മാപ്പിള സമരം. മലബാറിലെ ഹിന്ദുക്കളും ഈ സമരത്തില്‍ പങ്കാളികളായിരുന്നു.
വാഗണ്‍ കൂട്ടക്കുരുതിയെക്കുറിച്ചുള്ള സ്മരണകളെയും മലബാര്‍ ചെറുത്തുനിൽപിനെയും ചരിത്രത്തില്‍നിന്ന് പിഴുതെറിയാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ധീരയോദ്ധാക്കളുടെ പേരുകൾ രേഖയില്‍നിന്ന് നീക്കി ദേശീയ ചരിത്ര കൗണ്‍സിലും കേന്ദ്ര സര്‍ക്കാറും ചരിത്രത്തെ വളച്ചൊടിക്കുകയാണ്. അതേസമയം, വാഗൺ ദുരന്തത്തിന് 100 വര്‍ഷം പൂര്‍ത്തിയായപ്പോൾ നിയമസഭയില്‍ ‘വാഗണ്‍ കൂട്ടക്കുരുതി’യെന്ന് വിശേഷിപ്പിച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നീതിയുക്തമായ പേര് നല്‍കിയിരുന്നു.
മാപ്പിളസമരത്തെ തുടര്‍ന്ന് 1921 നവംബറില്‍ ബ്രിട്ടീഷ് പട്ടാളം കോയമ്പത്തൂര്‍ ജയിലിലടക്കാന്‍ തിരൂരില്‍നിന്ന് റെയിൽവേയുടെ ചരക്ക് വാഗണില്‍ കുത്തിനിറച്ചു കൊണ്ടുപോയ തടവുകാര്‍ ശ്വാസംമുട്ടി മരിച്ച സംഭവമാണ് വാഗണ്‍ കൂട്ടക്കുരുതി. ജാലിയന്‍ വാലാബാഗിനേക്കാള്‍ ക്രൂരമായ കൂട്ടക്കൊലയാണ് ഇതിലൂടെ ബ്രിട്ടീഷുകാര്‍ നടപ്പാക്കിയത്. പോത്തന്നൂരിൽ വെച്ച് വാഗണ്‍ തുറന്നപ്പോള്‍ കണ്ട കാഴ്ച ദാരുണമായിരുന്നു. പരസ്പരം മാന്തിപ്പൊളിച്ചും കണ്ണുകള്‍ തുറിച്ചും കെട്ടിപ്പുണര്‍ന്നും മരണം വരിച്ച 64 മൃതദേഹങ്ങള്‍. ബാക്കിയുള്ളവര്‍ ബോധരഹിതരായിരുന്നു. എട്ടു പേര്‍കൂടി ആശുപത്രിയിലെത്തിയപ്പോഴേക്കും മരിച്ചു. രക്ഷപ്പെട്ട 28 പേരെ തടവുകാരാക്കി.
തിരൂരിലെ കോരങ്ങത്ത് ജുമുഅത്ത് പള്ളിയിലും കോട്ട് ജുമുഅത്ത് പള്ളിയിലുമാണ് രക്തസാക്ഷികള്‍ക്ക് അന്ത്യവിശ്രമമൊരുക്കിയത്. അക്കരവീട്ടില്‍ കുന്നുംപള്ളി അച്യുതന് നായര്‍, കിഴക്കില്‍ പാലത്തില്‍ തട്ടാന്‍ ഉണ്ണി പുറവന്‍, ചോലകപറമ്പില്‍ ചെട്ടിച്ചിപ്പു, മേലടത്ത് ശങ്കരന് നായര്‍ എന്നീ രക്തസാക്ഷികളെ മുത്തൂരിലും സംസ്കരിച്ചു.
രക്തസാക്ഷികളെ അനുസ്മരിച്ച് തിരൂര്‍ നഗരസഭ പണിത വാഗണ്‍ ട്രാജഡി സ്മാരക മുനിസിപ്പല്‍ ടൗണ്‍ഹാള്‍ 1987 ഏപ്രില്‍ ആറിനാണ് ഉദ്ഘാടനം ചെയ്തത്. അതില്‍ എഴുതിവെച്ച രക്തസാക്ഷികളുടെ പേരുവിവരപ്പട്ടിക 1993 മാര്‍ച്ച് 20നാണ് അനാച്ഛാദനം ചെയ്തത്.