രണ്ടര ലക്ഷം രൂപയുടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ
text_fieldsസാജൻ ഖാൻ
തിരൂർ: ഫോറിൻ മാർക്കറ്റിലെ മൊബൈൽ ഷോപ്പിൽനിന്ന് മൊബൈൽ ഫോണുകൾ മോഷണം നടത്തിയ കേസിൽ അന്തർ സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. യു.പി നവഭാഗഞ്ച് സ്വദേശി സാജൻ ഖാനെയാണ് (19) തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നവംബറിൽ തിരൂർ മുനിസിപ്പൽ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന മൊബൈൽ ഷോപ്പിൽനിന്ന് രണ്ടര ലക്ഷം രൂപ വിലമതിക്കുന്ന 12 മൊബൈൽ ഫോണുകളാണ് കളവ് പോയത്.
സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിഞ്ഞു. മുംബൈയിൽ നിന്നുമാണ് സാജൻ ഖാനെ പൊലീസ് പിടികൂടിയത്. മോഷണം നടത്താൻ കൂടെയുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത മറ്റൊരാളെ പറ്റിയും വിവരം ലഭിച്ചിട്ടുണ്ട്. പിടികൂടിയ പൊലീസ് സംഘത്തിൽ സബ് ഇൻസ്പെക്ടർ വിനു, എസ്.സി.പി.ഒമാരായ അരുൺ, രതീഷ് കുമാർ, സി.പി.ഒ അഫ്സൽ എന്നിവർ ഉണ്ടായിരുന്നു.