സർക്കാർ വഞ്ചനയുടെ ബാക്കിപത്രം; നൂറാംനാളിലും ആദിവാസി ഭൂസമരം
text_fieldsമലപ്പുറം: സർക്കാർ വഞ്ചനയുടെ ബാക്കിപത്രമെന്നോണം കലക്ടറേറ്റ് പടിക്കലെ ആദിവാസി ഭൂസമരം നൂറാം ദിനത്തിലെത്തി നിൽക്കുന്നു. ചവിട്ടിനിൽക്കാൻ ഒരുതുണ്ടുഭൂമിക്കായുള്ള പാവപ്പെട്ടവരുടെ പോരാട്ടത്തെ ഭരണകൂടം അവഗണിക്കുകയാണോ? സമരസമിതിയുമായി സംസാരിക്കാൻ അധികൃതർ എന്തുകൊണ്ട് തയാറാകുന്നില്ല? ഈ ചോദ്യങ്ങൾക്കൊന്നും സർക്കാറിന് മറുപടിയില്ല. ഓണനാളിലും അനിശ്ചിതകാല സമരവുമായി ആദിവാസികൾ കലക്ടറേറ്റ് കവാടത്തിൽ തുടരുകയാണ്. മേയ് 20ന് ആരംഭിച്ചതാണ് കലക്ടറേറ്റ് പടിക്കലെ രണ്ടാംഘട്ട ഭൂസമരം.
രാപ്പകൽ സമരപ്പന്തലിൽ കഴിച്ചുകൂട്ടിയാണ് ആദിവാസി സ്ത്രീകളടക്കം സമരപ്രവർത്തകർ പ്രതിഷേധത്തിന്റെ ഭാഗമാകുന്നത്. സിവിൽ സ്റ്റേഷൻ പരിസരത്തെ സമരപ്പന്തലിലാണ് ആദിവാസി കുടുംബങ്ങൾ ഭക്ഷണം പാകംചെയ്യുന്നതും അന്തിയുറങ്ങുന്നതും. മഴക്കാലത്ത് വളരെയധികം ക്ലേശമാണ് ഇവർ അനുഭവിച്ചത്. സമരം മൂന്നുമാസം പിന്നിടുമ്പോൾ ഭക്ഷണത്തിനും പ്രാഥമികകാര്യങ്ങൾക്കും ബുദ്ധിമുട്ട് നേരിടുകയാണ്. ദീർഘനാൾ നാട്ടിൽനിന്നും മാറിനിൽക്കുന്നതിനാൽ കുടുംബങ്ങളുടെ ഉപജീവനവും കുട്ടികളുടെ പഠനവും പ്രതിസന്ധിയിലാണ്.
ഓരോ കുടുംബത്തിനും കുറഞ്ഞത് 50 സെന്റ് ഭൂമി എന്നതാണ് സമരക്കാർ ഉന്നയിക്കുന്ന പ്രധാന ആവശ്യം. ഭൂരഹിതരായ പട്ടിക വിഭാഗക്കാര്‍ക്ക് ഭൂമി ഉറപ്പാക്കാനുള്ള നടപടി സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളണമെന്ന 2009ലെ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കണമെന്നാണ് നിലമ്പൂര്‍ ആദിവാസി ഭൂസമരസമിതി ആവശ്യപ്പെടുന്നത്. മഴയും തണുപ്പും അവഗണിച്ച്, 97കാരനായ മനുഷ്യാവകാശ പ്രവര്ത്തകൻ ഗ്രോ വാസുവും സമരത്തിന്റെ ഭാഗമായുണ്ട്. അദ്ദേഹം സമരമിരുന്നിട്ടും ഇത്രയും ദിവസമായിട്ടും ഒരു തവണപോലും അധികാരികൾ തുടര്‍ നടപടികള്‍ക്കായി ശ്രമിച്ചിട്ടില്ല.
ഭൂമി സംബന്ധിച്ച് വ്യക്തമായ ഉറപ്പുകിട്ടാതെ സമരം അവസാനിപ്പിക്കില്ലെന്ന് ആദിവാസികൾ പറയുന്നു. നിലമ്പൂരിലെ ഒന്നാംഘട്ട സമരം പിൻവലിക്കുമ്പോൾ സമരസമിതിക്ക് എഴുതിക്കൊടുത്ത ഉറപ്പുകൾ പാലിക്കാതെയാണ് ആദിവാസികളുടെ സമരവീര്യത്തെ തല്ലിക്കെടുത്താൻ സർക്കാർ ശ്രമിക്കുന്നത്.
കലക്ടർ എഴുതിക്കൊടുത്ത കരാറിന് വിലയില്ലേ?
സ്വന്തമായി ഒരുതുണ്ട് ഭൂമിക്കുവേണ്ടി ആദിവാസി ഭൂസമര നായിക ബിന്ദു വൈലാശ്ശേരി 314 ദിവസമാണ് നിലമ്പൂരിൽ പട്ടിണിസമരം നടത്തിയത്. 60 കുടുംബങ്ങള്‍ അന്ന് രാപ്പകല്‍ സമരത്തിൽ പങ്കാളികളായി. ജില്ല കലക്ടറുടെ സാന്നിധ്യത്തിൽ 2024 മാർച്ച് 18ന് നടത്തിയ ചർച്ചയിലുണ്ടായ ധാരണപ്രകാരമാണ് നിലമ്പൂർ ഐ.ടി.ഡി.പി ഓഫിസിന് മുന്നിലെ സമരം പിൻവലിച്ചത്. അന്നു സമരസമിതിയുമായുള്ള ധാരണപ്രകാരം ഓരോ കുടുംബത്തിനും 50 സെന്റ് വീതം ഭൂമി ആറുമാസത്തിനകം നൽകുന്നത് പരിഗണിക്കാമെന്ന് ജില്ല കലക്ടർ രേഖാമൂലം ഉറപ്പുകൊടുത്തിരുന്നു. എന്നാല്‍, മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയായില്ല. വീണ്ടും സമരത്തിലേക്ക് പോകേണ്ടിവരുമെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് മൂന്ന് മാസത്തെ സാവകാശം കൂടി കലക്ടർ ആവശ്യപ്പെട്ടു.
അതിന്റെ അടിസ്ഥാനത്തില്‍ ഡിസംബറില്‍ വീണ്ടും ചര്‍ച്ച നടത്തിയപ്പോള്‍ പട്ടയവിതരണം 31ന് മുമ്പ് പൂര്‍ത്തിയാക്കുമെന്ന് കലക്ടര്‍ ഒപ്പിട്ട് നല്കി. ഈ വ്യവസ്ഥ വീണ്ടും ലംഘിക്കപ്പെട്ടു. പിന്നെയും നാല് മാസം കഴിഞ്ഞപ്പോള്‍ സമരസമിതി കലക്ടറെ കണ്ടെങ്കിലും കൂടുതല്‍ സമയം ചോദിച്ചു. ഇതംഗീകരിക്കാന്‍ ഭൂസമരസമിതി തയാറായില്ല. ഇതാണ് രണ്ടാംഘട്ട സമരത്തിലേക്ക് നയിച്ചത്.
കുരുന്നുമക്കളുടെ സങ്കടവും കണ്ടില്ല
ജൂണ്‍ ആദ്യവാരം സ്കൂള്‍ തുറക്കുന്ന സമയത്ത് നിലമ്പൂര്‍ ആദിവാസി നഗറുകളിലെ കുട്ടികള്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്ക് കത്തെഴുതി: ‘കുറച്ച് ദിവസങ്ങളായി ഇവിടെ പെരുമഴയാണ്. വീടിനുള്ളിലൂടെ വെള്ളം ഇറങ്ങുന്നുണ്ട്. പക്ഷേ, ഈ മഴക്കാലത്ത് അമ്മമാര്‍ ഞങ്ങളുടെ കൂടെയില്ല. സ്വന്തമായി ഭൂമിക്കായി സമരം ചെയ്യാന്‍ പോയതാണ്. ഞങ്ങള്‍ എല്ലാവരും കുറച്ച് ദിവസങ്ങളായി വിശന്നിരിക്കുകയാണ്. അമ്മമാര്‍ വീട്ടിലില്ലെങ്കില്‍ ഞങ്ങളെങ്ങനെ സ്കൂളില്‍ പോകും. നല്‍കാമെന്നേറ്റ ഭൂമി നല്കി സമരം എത്രയും പെട്ടെന്ന് അവസാനിപ്പിച്ചു തരണം. ഞങ്ങളുടെ സങ്കടത്തിനൊപ്പം നില്‍ക്കണം’ ഇതാണ് കത്തിന്റെ ചുരുക്കം.
പള്ളിക്കുത്ത് എ.എല്‍.പി.എസിലെ നാലാംക്ലാസുകാരി ദിയ, ഇടിവണ്ണ ജി.എല്‍.പി.എസിലെ അഞ്ചാംക്ലാസുകാരന് സുമിത്ത്, ആറാംക്ലാസുകാരി സുമിത, എട്ടാംക്ലാസുകാരി ഗീതു, അകമ്പാടം ജി.എച്ച്.എസ്.എസിലെ പത്താംക്ലാസുകാരന് ജിതിന്, എരഞ്ഞിമങ്ങാട് ജി.യു.പി.എസിലെ എഴാംക്ലാസുകാരി സോന കൃഷ്ണ എന്നീ കുട്ടികളാണ് മന്ത്രിക്ക് കത്തെഴുതിയത്. എന്നാൽ, ഈ കത്തിന് മന്ത്രിയിൽനിന്ന് മറുപടിയൊന്നും കിട്ടിയില്ല.
ഭൂമി കിട്ടാതെ മടങ്ങില്ല -ബിന്ദു വൈലാശ്ശേരി
മലപ്പുറം: ‘ഒരു കുപ്പി കള്ളും 500 രൂപയും കിട്ടിയാൽ ആദിവാസി വോട്ടുകൾ പെട്ടിയിലാക്കാമെന്ന തോന്നലാണ് രാഷ്ട്രീയക്കാർക്ക്. സ്വന്തമായി ഭൂമി നൽകിയാൽ ആദിവാസികളെ വോട്ട്ബാങ്ക് ആക്കാൻ പറ്റില്ല. ഇതാണ് ഈ സമരത്തെ സർക്കാർ കണ്ടില്ലെന്ന് നടിക്കാൻ കാരണം -സമരനായിക ബിന്ദു വൈലാശ്ശേരി പറയുന്നു.
‘മണ്ണിന്റെ മക്കൾക്ക് ഇത്തവണ ഓണമില്ല, മറ്റെല്ലാവരും സ്വന്തം മക്കൾക്ക് ഓണക്കോടിയും ഓണസദ്യയുമൊരുക്കാൻ ഓടിനടക്കുമ്പോൾ, ഞങ്ങൾ സമരപന്തലിൽ കഞ്ഞിവെച്ച് കഴിയുകയാണ്. എന്തെല്ലാം ബുദ്ധിമുട്ട് സഹിച്ചാലും ആദിവാസികളുടെ അർഹതപ്പെട്ട അവകാശം നേടിയെടുക്കുന്നതുവരെ സമരം തുടരും. -ബിന്ദു വ്യക്തമാക്കി.