ക്ഷയരോഗ നിർമാർജന കാമ്പയിൻ; പരിശോധനക്ക് വിധേയരായത് 1.38 ലക്ഷം പേർ
text_fieldsമലപ്പുറം: ജില്ലയിൽ ക്ഷയരോഗ നിർമാർജന കാമ്പയിന്റെ ഭാഗമായി ജില്ലയിൽ 15 ആരോഗ്യ ബ്ലോക്കുകളിലായി പരിശോധനക്ക് വിധേയരായത് 1,38,544 പേർ. പ്രാഥമികമായി ആകെ 8,02,359 പേരെയാണ് പരിശോധനക്കായി കണ്ടെത്തിയത്. ഇതിൽ ബാക്കി വരുന്ന 6,63,815 ആളുകളുടെ പരിശോധന കാമ്പയിന്റെ ഭാഗമായി പൂർത്തീകരിക്കും.
മേലാറ്റൂർ ആരോഗ്യ ബ്ലോക്കിലാണ് ഏറ്റവും കൂടുതൽ ആളുകളെ കണ്ടെത്തിയതും പരിശോധനക്ക് വിധേയമാക്കിയതും. മേലാറ്റൂരിൽ 81,348 പേരെ കണ്ടെത്തിയപ്പോൾ 18,313 പേരെ പരിശോധനക്ക് വിധേയരാക്കി. എടവണ്ണ ബ്ലോക്കാണ് കണ്ടെത്തിയവരുടെ പട്ടികയിൽ രണ്ടാമതുള്ളത്. 62,942 പേരെ കണ്ടെത്തി. 5,281 പേരെ പരിശോധനക്ക് വിധേയമാക്കി. മൂന്നാമതുള്ള ചുങ്കത്തറ ബ്ലോക്കിൽ 61,426 പേരെ കണ്ടെത്തിയപ്പോൾ 6,286 പേരെ പരിശോധനക്ക് വിധേയമാക്കി.
മാറഞ്ചേരി ബ്ലോക്കിലാണ് ഏറ്റവും കുറവ് പേരെ കണ്ടെത്തിയത്. 29,264 പേരെ കണ്ടെത്തി. ഇവിടെ 4,763 പേരെ പരിശോധനക്ക് വിധേയമാക്കി. പെരുവള്ളൂർ 58,967, പള്ളിക്കൽ 57,797, തിരുവാലി 56,301, കാളികാവ് 55,685, വെട്ടം 53,412, പൂക്കോട്ടൂർ 52,011, മാറാക്കര 50,661, വളവന്നൂർ 48,892, എടപ്പാൾ 48,846, വേങ്ങര 42,866, മങ്കട 41,940 എന്നിങ്ങനെയാണ് കണ്ടെത്തിയത്.
2024 ഡിസംബർ ഏഴ് മുതലാണ് പരിശോധന തുടങ്ങിയത്. മാര്‍ച്ച് 24 വരെയാണ് കാമ്പയിൻ. 2025ഓടെ ക്ഷയരോഗ നിവാരണം ഉറപ്പാക്കുന്നതിനാണ് കാമ്പയിൻ. രോഗസാധ്യത കൂടിയ ഗ്രൂപ്പിനെ കണ്ടെത്തി നേരത്തെയുള്ള രോഗനിര്‍ണയവും ചികിത്സയും ഉറപ്പാക്കുക, പോഷകാഹാരവും തുടര്‍നിരീക്ഷണവും ഉറപ്പാക്കുക, പുതിയ രോഗികള്‍ ഉണ്ടാകുന്നത് തടയുക, പ്രതിരോധ ചികിത്സ, രോഗപ്രതിരോധ ശീലങ്ങള്‍, രോഗത്തെക്കുറിച്ചുള്ള തെറ്റിധാരണ, വിവേചനം ഒഴിവാക്കുന്നതിനുള്ള ബോധവത്കരണം തുടങ്ങിയവയാണ് കാമ്പയിന് പ്രവര്‍ത്തനങ്ങള്‍. രോഗനിര്‍ണയം, ചികിത്സ തുടങ്ങിയവ സൗജന്യമാണ്. 2021 മുതൽ 2024 വരെയുള്ള കണക്ക് പ്രകാരം ജില്ലയിൽ 693 പേരാണ് ക്ഷയരോഗം ബാധിച്ച് മരിച്ചത്. ഇതിൽ 497 പേർ പുരുഷൻമാരും 196 പേർ സ്ത്രീകളുമാണ്.
നാല് വർഷത്തിനിടെ 8,397 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
ക്ഷയരോഗം
രണ്ടാഴ്ചയിൽ കൂടുതലുള്ള ചുമ, രാത്രികാലങ്ങളിൽ ഉണ്ടാകുന്ന പനി, വിറയൽ, ശരീരം ക്ഷീണിക്കുക, ഭാരം കുറഞ്ഞുവരിക, രക്തം ചുമച്ചു തുപ്പുക, രക്തം കലർന്ന കഫം, വിശപ്പില്ലായ്മ എന്നിവയാണ് രോഗ ലക്ഷണങ്ങൾ. ലക്ഷണങ്ങൾ ഉള്ളവർ രോഗനിർണയം നടത്തി രോഗം ഇല്ലെന്ന് ഉറപ്പാക്കേണ്ടതാണ്. ക്ഷയരോഗത്തിനെതിരെ പോഷകാഹാരം ശക്തമായ ആയുധമാണ്.