ഗ്രീൻ ഫീൽഡ് പാതക്ക് തുവ്വൂരിൽ പ്രവേശനം; ഡി.ജി.പി വിശദ റിപ്പോർട്ട് തേടി
text_fieldsതുവ്വൂർ: പാലക്കാട്-കോഴിക്കോട് ഗ്രീൻ ഫീൽഡ് പാതയിൽ തുവ്വൂരിൽ പ്രവേശന സാധ്യത തേടാൻ ആഭ്യന്തര വകുപ്പും. ഇതുസംബന്ധിച്ച വിശദ റിപ്പോർട്ട് തയാറാക്കാൻ ഇന്ത്യ റിസർവ് ബറ്റാലിയന് ഡി.ജി.പി നിർദേശം നൽകി. തുവ്വൂരിൽ പ്രവേശനം വരുന്നത് ഐ.ആർ.ബി പാണ്ടിക്കാട് ക്യാമ്പിന് ഗുണകരമാകും എന്നാണ് വിലയിരുത്തുന്നത്.
വിശദറിപ്പോർട്ട് ആഭ്യന്തര വകുപ്പ് വഴി ദേശീയപാത അതോറിറ്റിക്ക് സമർപ്പിക്കാനാണ് ശ്രമം. കൊളപ്പറമ്പ് ക്യാമ്പ്, റെയിൽവേ സ്റ്റേഷൻ എന്നിവ പരിഗണിച്ച് പാത കടന്നുപോകുന്ന തുവ്വൂരിൽ പ്രവേശനവും സർവിസ് റോഡും അനുവദിക്കണമെന്നാ വശ്യപ്പെട്ട് തുവ്വൂർ കമ്യൂണിറ്റി ഫോറത്തിന് വേണ്ടി പി.എം.കെ. സിറാജുദ്ദീൻ ഐ.ആർ.ബിക്ക് നിവേദനം സമർപ്പിച്ചിരുന്നു.
ഈ ആവശ്യം ഐ.ആർ.ബി തൃശൂർ കമാൻഡന്റിന് കൈമാറി. വിഷയത്തിൽ കമാൻഡന്റ് പ്രാഥമിക റിപ്പോർട്ട് തേടിയിരുന്നു. ക്യാമ്പ് എസ്റ്റേറ്റ് ഓഫിസർ പി.വി. ദിനേഷ് അന്വേഷണ റിപ്പോർട്ട് രണ്ട് മാസം മുമ്പ് നൽകുകയും ചെയ്തു. തുവ്വൂർ പഞ്ചായത്തിലെ പായിപ്പുല്ല്, പള്ളിപ്പറമ്പ് എന്നിവിടങ്ങളിലൂടെ റോഡ് മുറിച്ചുകടന്നുപോകുന്ന ഹൈവേയിലേക്ക് ഈ ഭാഗത്ത് എവിടെയും പ്രവേശനം ഇല്ല.
കരുവാരകുണ്ടിൽ മാത്രമേ കവാടമുള്ളൂ. കൊളപ്പറമ്പ് ക്യാമ്പിലെ സേനാംഗങ്ങൾക്ക് അത്യാവശ്യഘട്ടങ്ങളിൽ പാലക്കാട്ടെത്താൻ മണ്ണാർക്കാട് വഴിയും കോഴിക്കോടെത്താൻ മഞ്ചേരി വഴിയും പോകണം. രണ്ടര മണിക്കൂറിലേറെ സഞ്ചാരദൂരമുണ്ടിതിത്.
എന്നാൽ ഹൈവേയിൽ തുവ്വൂരിൽ പ്രവേശനം വന്നാൽ ഈ ദൂരം ഒരു മണിക്കൂറായി കുറയും. പാതയുടെ ഡി.പി.ആറിൽ മാറ്റം വരുത്തിയാലേ തുവ്വൂരിൽ പ്രവേശനം ഉണ്ടാവൂ എന്നും റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. ഈ റിപ്പോർട്ട് തൃശൂർ കമാൻഡന്റ് തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തേക്ക് അയച്ചിരുന്നു.
ഇതിന് പിറകെയാണ് കൂടുതൽ വിശദാംശങ്ങൾ അടങ്ങിയ റിപ്പോർട്ട് ഡി.ജി.പി ആവശ്യപ്പെട്ടത്. സംസ്ഥാന പാത, ഗ്രീൻ ഫീൽഡ് പാത എന്നിവ സംബന്ധിച്ച വിവരണം, ഇവയുടെ റൂട്ട് മാപ്പ്, സാങ്കേതിക വിവരങ്ങൾ, ചിത്രങ്ങൾ, പ്രവേശനം വന്നാൽ ഐ.ആർ.ബി ക്യാമ്പിന് ഉണ്ടാവുന്ന അധിക സൗകര്യങ്ങൾ, പ്രാദേശിക ഭരണകൂടത്തിന്റെ ശിപാർശ കത്ത് എന്നിവ റിപ്പോർട്ടിൽ ഉണ്ടാകണം.
ആഭ്യന്തര വകുപ്പ് വഴി നൽകാനുള്ളതായതിനാൽ റിപ്പോർട്ട് പ്രഫഷണലാവണമെന്നും പൊലീസ് ആസ്ഥാനത്തുനിന്നും കമാൻഡന്റ് ജാക്സൺ പീറ്ററിന് അയച്ച കത്തിലുണ്ട്. ആഭ്യന്തര വകുപ്പിന്റെ കത്ത് ദേശീയപാത അധികൃതർ തള്ളിയില്ലെങ്കിൽ ഗ്രീൻ ഫീൽഡ് പാതയിൽ തുവ്വൂരിൽ പ്രവേശനം യാഥാർഥ്യമാകും എന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.