നാണ്യാപ്പ: വേദിയൊഴിഞ്ഞത് ഇശലുകളുടെ തോഴൻ
text_fieldsതുവ്വൂരിെൻറ ആദരം നിലമ്പൂർ ആയിഷയിൽനിന്ന് മുഹമ്മദ് സ്വീകരിക്കുന്നു (ഫയൽ)
തുവ്വൂർ: മാപ്പിളപ്പാട്ടിനെ ജീവശ്വാസം പോലെ കൊണ്ടുനടന്ന അതുല്യ കലാകാരനായിരുന്നു തിങ്കളാഴ്ച ഓർമയായ തുവ്വൂരിലെ കടമ്പോടൻ മുഹമ്മദ് എന്ന നാട്ടുകാരുടെ നാണ്യാപ്പ. കാളവണ്ടി കൊണ്ട് ജീവിതായോധനം നടത്തിയ ഈ നാട്ടുമ്പുറത്തുകാരൻ സംഗീതത്തോടുള്ള പ്രണയം മൂത്ത് ആറു പതിറ്റാണ്ട് മുമ്പ് തൃശൂരിൽ പോയി 250 രൂപക്ക് ഹാർമോണിയം വാങ്ങിയിരുന്നു. ദിവസക്കൂലി ഒരു രൂപയുള്ള കാലമാണത്. പോത്തുവണ്ടി യാത്രകളിൽ വിരസതയകറ്റാൻ വേണ്ടി മുഹമ്മദ് പാടിയ പാട്ടുകൾ തുവ്വൂരിെൻറ ഇടവഴികളിൽ ഇപ്പോഴും മുഴങ്ങുന്നുണ്ട്.
മഞ്ചേരി ഹൈദറാണ് ഗുരു. മാപ്പിളപ്പാട്ടിനെ ശാസ്ത്രീയമായി പഠിക്കാൻ ശ്രമിച്ച ഇദ്ദേഹം തൊങ്കൽ, ആദി അനം, പുകയിന്താർ, കൊമ്പ്, കപ്പപ്പാട്ട്, ഒപ്പന ചായൽ, ഒപ്പന മുറുക്കം, വിരുത്തം തുടങ്ങിയ ഇശലുകളെയും അടുത്തറിഞ്ഞു. തുവ്വൂർ മുഹമ്മദ് ആൻഡ് പാർട്ടി എന്ന പേരിൽ സ്വന്തമായി ഒരു മാപ്പിള ഗാനമേള ട്രൂപ്പുമുണ്ടായിരുന്നു മുഹമ്മദിന്. കേരളത്തിലങ്ങോളം ഈ ട്രൂപ് പാട്ടുസദ്യകൾ നടത്തിയിട്ടുണ്ട്.
ഇതിലൂടെ നിരവധി ഗായകരെയും വളർത്തി. സാഹിത്യ അക്കാദമി മുൻ സെക്രട്ടറിയും കഥാകൃത്തുമായ പായിപ്ര രാധാകൃഷ്ണൻ ഇദ്ദേഹത്തെ കഥാപാത്രമാക്കി 'ദയാപരനായ നാണി' എന്ന ചെറുകഥ കലാകൗമുദിയിൽ എഴുതിയിട്ടുണ്ട്. ഒ.എം. കരുവാരകുണ്ട് ഉൾപ്പെടെയുള്ള പ്രമുഖർ മുഹമ്മദിെൻറ സഹചാരികളാണ്. കാര്യമായ അംഗീകാരങ്ങൾ ലഭിക്കാതെയാണ് തുവ്വൂരുകാരുടെ നാണ്യാപ്പയുടെ വിടവാങ്ങൽ.