20 രൂപയുടെ നോട്ടിനോട് ഇഷ്ടം; ലക്ഷാധിപതിയായി നഷ്വ
text_fieldsപണപ്പെട്ടി പൊട്ടിച്ചപ്പോൾ കിട്ടിയ 1,03,000 രൂപയുമായി നഷ് വ
തുവ്വൂർ: പുതിയ 20ന്റെ നോട്ടിനോടുള്ള പ്രണയം മൂത്ത് നാലാം ക്ലാസുകാരി ശേഖരിച്ചത് ലക്ഷത്തിലേറെ രൂപ. തുവ്വൂർ തെക്കുംപുറം എറിയാട്ടുകുഴിയിൽ ഇബ്രാഹീമിന്റെ മകൾ ഒമ്പതു വയസ്സുകാരി ഫാത്തിമ നഷ് വയാണ് 1,03,000 രൂപ തന്റെ പണപ്പെട്ടിയിൽ സ്വരൂപിച്ചത്. തുവ്വൂരിലെ ഓട്ടോഡ്രൈവറാണ് ഇബ്രാഹീം. കൈയിൽ കിട്ടുന്ന പുതിയ 20ന്റെ നോട്ടുകൾ അദ്ദേഹം മകൾക്ക് നൽകുമായിരുന്നു. ഇത് ശീലമായതോടെയാണ് നഷ് വക്ക് 20നോട് ഇഷ്ടം കയറിയത്. അതോടെ കിട്ടുന്ന നോട്ടുകളെല്ലാം പെട്ടിയിൽ വെക്കും.
50 എണ്ണം തികഞ്ഞാൽ അവ ഒരു കെട്ടാക്കും. ഈ ശീലം മൂന്ന് വർഷത്തോളം തുടർന്നു. കഴിഞ്ഞ ദിവസം പെട്ടി തുറന്ന് എണ്ണിയപ്പോഴാണ് വീട്ടുകാർ അൽഭുതം കൂറിയത്. 20 ന്റെ 5150 നോട്ടുകൾ. ‘ലക്ഷാധിപതി’യായ നഷ് വയുടെ ആഗ്രഹം കൂടി കേട്ടപ്പോൾ മാതാപിതാക്കളുടെ കണ്ണ് നിറഞ്ഞു; ബാങ്കിൽ പണയത്തിലുള്ള ഉമ്മാന്റെ ആഭരണം തിരികെയെടുക്കണം, വീടിന്റെ ബാക്കി പണി പൂർത്തിയാക്കണം. മൂന്നാം വയസ്സിൽ തുടങ്ങിയതാണ് നഷ് വയുടെ സമ്പാദ്യ ശീലം. പിതാവ് വാങ്ങി നൽകിയ പാവക്കുട്ടിയുടെ രൂപത്തിലുള്ള പണക്കുടുക്കയിലാണ് അന്ന് തുട്ടുകൾ ശേഖരിച്ചിരുന്നത്. അത് പൊട്ടിച്ച് കിട്ടിയ തുക കൊണ്ട് ഉപ്പാക്ക് മൊബൈൽ ഫോൺ വാങ്ങി. മറ്റൊരിക്കൽ ഓട്ടോറിക്ഷയുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റെടുത്തതും നഷ് വയുടെ പണക്കുടുക്ക പൊട്ടിച്ചാണ്. മുണ്ടക്കോട് ജി.എൽ.പി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിനിയാണ് ഈ മിടുക്കി. സൈനബയാണ് മാതാവ്.