തണ്ടുങ്ങൽ, മാതോത്ത് പാലങ്ങൾ തുവ്വൂരിന് ഇനിയും കാത്തിരിക്കണം
text_fieldsതുവ്വൂർ മാതോത്ത് കോസ്വേ (ഫയൽ)
തുവ്വൂർ: സ്വപ്നപദ്ധതികൾ കാത്തിരുന്ന തുവ്വൂരിന് നിരാശ മാത്രം നൽകി സംസ്ഥാന ബജറ്റ്. വർഷങ്ങളായി തുവ്വൂരുകാർ കാത്തിരിക്കുന്നതാണ് ഒലിപ്പുഴക്ക് കുറുകെ മാതോത്ത് പാലം. ഓരോ ബജറ്റിലും ഇതിന് തുക വകയിരുത്തുമെന്ന് പ്രതീക്ഷിക്കുമെങ്കിലും പ്രഖ്യാപനം ടോക്കൺ തുകയിൽ മാത്രം ഒതുങ്ങും. ഇത്തവണയും 100 രൂപ ടോക്കൺ തുക വെച്ചു.
എടപ്പറ്റ- തുവ്വൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മാതോത്ത് നിലവിൽ കോസ് വേ മാത്രമാണ്. കാലവർഷത്തിൽ ഒലിപ്പുഴ നിറയുമ്പോൾ ഈ വഴി അടയും. എടപ്പറ്റ ഹൈസ്കൂളിലേക്കും മദ്റസകളിലേക്കും പോകുന്ന വിദ്യാർഥികളുടെയടക്കം വഴിയടയും. പെരിന്തൽമണ്ണയിലേക്ക് പോകാൻ വളഞ്ഞ വഴി തേടുകയും വേണം നാട്ടുകാർക്ക്.
തണ്ടുങ്ങലിലെ പഴയ പാലം തകർന്നതോടെ ഈ ഭാഗത്തെ ഗതാഗതവും അടഞ്ഞിരിക്കുകയാണ്. സ്കൂൾ വിദ്യാർഥികൾക്കാണ് ഇത് ഏറെ പ്രയാസമുണ്ടാക്കുന്നത്. തണ്ടുങ്ങൽ പാലവും ഈ ബജറ്റിൽ ടോക്കൺ തുകയിലൊതുങ്ങി. അതേസമയം, കരുവാരകുണ്ട്, വണ്ടൂർ, തിരുവാലി, മമ്പാട്, കാളികാവ് പഞ്ചായത്തുകൾക്ക് കോടികൾ നൽകിയ എം.എൽ.എ തുവ്വൂരിന് ഒന്നും തന്നില്ല എന്നാണ് സി.പി.എം ആരോപണം. തുവ്വൂരിനെ എം.എൽ.എ പാടേ അവഗണിച്ചതായി ലോക്കൽ കമ്മിറ്റി സെക്രട്ടറി അസീസ് ചാത്തോലി പറഞ്ഞു.