1.83 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ
text_fieldsമുസ്തഫ, മുഹമ്മദ് ഷനൂബ്
മണ്ണാര്‍ക്കാട്: വിൽപനക്കായി എത്തിച്ച 1.83 ഗ്രാം എം.ഡി.എം.എ മണ്ണാര്‍ക്കാട് പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റുചെയ്തു. പെരിന്തല്‍മണ്ണ ഏലംകുളം കുന്നക്കാവ് കാരക്കല്‍ വീട്ടില്‍ മുസ്തഫ (36), തെങ്കര പുഞ്ചക്കോട് കുരിക്കല്‍ വീട്ടില്‍ മുഹമ്മദ് ഷനൂബ് (23) എന്നിവരെയാണ് എസ്.ഐ എ.കെ. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച രാത്രി 9.45ന് പുഞ്ചക്കോട് വെച്ചായിരുന്നു സംഭവം. രഹസ്യവിവരത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘം ബൈക്കില്‍ ഇരിക്കുകയായിരുന്ന മുസ്തഫയെ ചോദ്യം ചെയ്തു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സിഗരറ്റ് കൂടില്‍ സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് കണ്ടെടുത്തു.
സമീപത്ത് കട നടത്തുന്ന ഷനൂബ് ആവശ്യപ്പെട്ട പ്രകാരമാണ് മയക്കുമരുന്ന് എത്തിച്ചതെന്നും ചെര്‍പ്പുളശ്ശേരിയിലെ ഒരാളില്‍നിന്നാണ് വാങ്ങിയതെന്നുമാണ് മുസ്തഫ നല്‍കിയമൊഴി. ഇതുപ്രകാരം ഷനൂബിനേയും കസ്റ്റഡിയിലെടുത്തു. മയക്കുമരുന്നിനായി 3000 രൂപ നല്‍കിയതിന്റെ തെളിവും കണ്ടെടുത്തു.
ഷനൂബിനെ പരിശോധിച്ചതില്‍നിന്നും ഇലക്ട്രോണിക്സ് ത്രാസ്, കവറുകള്‍ എന്നിവയും കണ്ടെത്തി. മണ്ണാര്‍ക്കാട് സി.ഐ എം.ബി. രാജേഷിന്റെ നിര്‍ദേശപ്രകാരം പ്രൊബേഷനല്‍ എസ്.ഐ സുഹൈല്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ അഭിലാഷ്, മുബാറക്ക് അലി എന്നിവര്‍ ചേര്‍ന്നാണ് മയക്കുമരുന്ന് പിടികൂടിയത്. നാട്ടുകല്‍ സി.ഐ എ. ഹബീബുള്ളയും അന്വേഷണത്തില്‍ പങ്കാളിയായി.