നിലനിർത്താൻ യു.ഡി.എഫ്; പിടിച്ചെടുക്കാൻ എൽ.ഡി.എഫ്
text_fieldsമഞ്ചേരി: ചരിത്രമുറങ്ങുന്ന തൃക്കലങ്ങോടിന്‍റെ മണ്ണിൽ ഭരണം നിലനിർത്താൻ യു.ഡി.എഫും തിരിച്ചുപിടിക്കാൻ എൽ.ഡി.എഫും കച്ചകെട്ടിയിറങ്ങുമ്പോൾ തെരഞ്ഞെടുപ്പ് ഗോദയിൽ പ്രവചനം അസാധ്യം. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ പഞ്ചായത്തുകളിലൊന്നാണ് തൃക്കലങ്ങോട്. പഞ്ചായത്ത് വിഭജിച്ച് എളങ്കൂർ ആസ്ഥാനമായി മറ്റൊരു പഞ്ചായത്ത് രൂപവത്കരിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഇതിനിടയിലാണ് വാർഡ് വിഭജനം നടത്തി ഒരു വാർഡ് വർധിച്ചത്. ഇതോടെ വാർഡുകളുടെ എണ്ണം 24 ആയി. 1964ലാണ് പഞ്ചായത്ത് നിലവിൽ വന്നത്. പ്രഥമ പ്രസിഡന്‍റായി മാലങ്ങാടൻ ചെറിയോൻ ഹാജി തെരഞ്ഞെടുക്കപ്പെട്ടു. ദീർഘകാലം യു.ഡി.എഫ് ആയിരുന്നു ഭരണം നടത്തിയത്.
1995ൽ എൽ.ഡി.എഫിന്‍റെ ആയിഷ ചേലേടത്തിൽ പ്രസിഡന്‍റായി. 2005ൽ എൽ.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പം എത്തി. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്വതന്ത്രൻ വിട്ടുനിന്നത് വിവാദമായി. സി. കുഞ്ഞാപ്പുട്ടി ഹാജി പ്രസിഡന്‍റായി. പി.കെ. മൈമൂന, എ.എൻ.എം. കോയ, എൻ.പി. ഷാഹിദ മുഹമ്മദ്, യു.കെ. മഞ്ജുഷ എന്നിവരും അധ്യക്ഷ പദവി വഹിച്ചു.
2015ൽ എൽ.ഡി.എഫ് ഭരണം പിടിച്ചു. എന്നാൽ, കഴിഞ്ഞെ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വീണ്ടും കരുത്തുകാട്ടി. 16 സീറ്റ് നേടി ഭരണം പിടിച്ചെടുത്തു. ഇത്തവണയും ശക്തമായ പോരാട്ടമാണ് ഇരുമുന്നണികളും നടത്തുന്നത്. യു.ഡി.എഫ് ധാരണ പ്രകാരം 12 സീറ്റുകളിലാണ് ലീഗും കോൺഗ്രസും മത്സരിക്കുന്നത്. എൽ.ഡി.എഫിൽ സി.പി.എം 21 സീറ്റിലും സി.പി.ഐ -രണ്ട്, നാഷനൽ ലീഗ് -ഒന്ന് എന്നിങ്ങനെയാണ് ധാരണ. 16 വാർഡിൽ ബി.ജെ.പി, എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി പിന്തുണക്കുന്ന സ്വതന്ത്രരും മത്സര രംഗത്തുണ്ട്. കഴിഞ്ഞ അഞ്ച് വർഷം നടപ്പിലാക്കിയ വികസനങ്ങൾ വീണ്ടും വോട്ടാക്കി മാറ്റാനാണ് യു.ഡി.എഫ് ശ്രമം. വികസന മുരടിപ്പ് ചൂണ്ടിക്കാട്ടിയാണ് എൽ.ഡി.എഫ് പ്രചാരണം നടത്തുന്നത്. 84 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. 23,088 പുരുഷന്മാരും 24,310 സ്ത്രീകളും ഒരു ട്രാൻസ്ജെൻഡറും ഉൾപ്പടെ 47,399 വോട്ടർമാർ തൃക്കലങ്ങോടിന്‍റെ വിധി എഴുതും.


