പെരിന്തൽമണ്ണയിൽ പ്രതീക്ഷകൾ തകിടം മറിഞ്ഞു; യു.ഡി.എഫ് വിജയം നേരിയ ഭൂരിപക്ഷത്തിന്
text_fieldsപെരിന്തൽമണ്ണ: വലിയ വെല്ലുവിളികളില്ലാതെ യു.ഡി.എഫ് വിജയം പ്രതീക്ഷിച്ച പെരിന്തൽമണ്ണയിൽ ഇരുമുന്നണികളെയും മുൾമുനയിൽ നിർത്തിയ മണിക്കൂറുകൾക്ക് ശേഷം 38 വോട്ടിന് യു.ഡി.എഫ് വിജയം. വോട്ടെണ്ണിക്കഴിഞ്ഞിട്ടും ഇടത് സ്ഥാനാർഥിയുടെ ഏജൻറ് റീ കൗണ്ടിങ് ആവശ്യപ്പെട്ടതോടെ നേരത്തെ പരിശോധിച്ച പോസ്റ്റൽ വോട്ട് വീണ്ടും പരിശോധിക്കുകയും എണ്ണുകയും ചെയ്തതോടെ വൈകീട്ട് 5.42നാണ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നജീബ് കാന്തപുരം 76,530 വോട്ടും ഇടത് സ്വതന്ത്രൻ കെ.പി.എം. മുസ്തഫ 76,492 വോട്ടും നേടി. ബി.ജെ.പിയുടെ സുചിത്ര മാട്ടട 8,021 വോട്ട് നേടി.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറും മുൻ മാധ്യമ പ്രവർത്തകനും കോഴിക്കോട് ജില്ല പഞ്ചായത്ത് മുൻ അംഗവുമായ നജീബ് കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിൽ കാന്തപുരം സ്വദേശിയാണ്. 8,000 വോട്ടുവരെ അധികം നേടി യു.ഡി.എഫ് വിജയിക്കുമെന്നുതന്നെയാണ് അവസാന മണിക്കൂറുകളിൽ വരെ ലീഗ് കേന്ദ്രങ്ങൾ കണക്കുകൂട്ടിയിരുന്നത്.
എന്നാൽ, സംസ്ഥാനത്ത് ഇടത് തരംഗത്തിൽ പെരിന്തൽമണ്ണയിലും യു.ഡി.എഫിന് വലിയ തോതിൽ വോട്ട് ചോർച്ചയുണ്ടായി. 3487 പോസ്റ്റൽ വോട്ടാണ് പെരിന്തൽമണ്ണ മണ്ഡലത്തിൽ ഉണ്ടായത്. ഇത് മാത്രം കണക്കാക്കിയപ്പോൾ 157 വോട്ടിന് നജീബ് കാന്തപുരം പിറകിലായിരുന്നു. ആദ്യാവസാനം പ്രത്യക്ഷത്തിൽ പ്രചാരണത്തിൽ സജീവമായി നിന്നവരാണ് മൂന്നു മുന്നണികളും. ഇത്തവണ പെരിന്തൽമണ്ണയിൽ സ്ഥാനാർഥിയില്ലാത്ത വെൽഫെയർ പാർട്ടിയുടേതടക്കം യു.ഡി.എഫിന് ഗുണകരമായതാണ് വിലയിരുത്തൽ.
അനിശ്ചിതത്വം, റീ കൗണ്ടിങ്
പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ ആദ്യ റൗണ്ട് വോട്ടെണ്ണിയപ്പോൾ യു.ഡി.എഫ് സ്ഥാനാർഥി നജീബ് കാന്തപുരം 439 വോട്ടും രണ്ടാം റൗണ്ട് പൂർത്തിയായപ്പോൾ 1114 വോട്ടുമടക്കം 1553 വോട്ടിെൻറ ഭൂരിപക്ഷത്തോടെ തുടങ്ങിയ മുന്നേറ്റം ഏഴു റൗണ്ടു വരെ തുടർന്നെങ്കിലും പുലാമന്തോൾ, ഏലംകുളം പഞ്ചായത്തുകളിലെ വോട്ടെണ്ണിത്തുടങ്ങിയതോടെയാണ് യു.ഡി.എഫിെൻറ പ്രതീക്ഷകളെ തളർത്തിത്തുടങ്ങിയത്.
എന്നാൽ, ഫോട്ടോ ഫിനിഷിങിൽ നേരിയ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫിന് കടന്നു കൂടാനായത്. ഒരു ഘട്ടത്തിൽ ഇടത് സ്വതന്ത്രൻ കെ.പി.എം മുസ്തഫ വിജയിച്ചതായ പ്രചാരണം വരെ വന്നു. നേരിയ മാറ്റത്തിന് ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കാനൊരുങ്ങവേയാണ് ഇടത് സ്ഥാനാർഥിയുടെ ഏജൻറ് റീകൗണ്ടിങ്ങിന് ആവശ്യമുന്നയിച്ചത്.
അസാധുവായ തപാൽ വോട്ടുകൾ വീണ്ടും പരിശോധിച്ച് നേരത്തെയുള്ള വോട്ടിങ് നില തന്നെ കണക്കാക്കിയാണ് ഫലം പ്രഖ്യാപിച്ചത്. 2016ൽ മഞ്ഞളാംകുഴി അലി 579 വോട്ടിനാണ് വിജയിച്ചത്. അലിയും വി. ശശികുമാറും തമ്മിൽ നടന്ന മത്സരത്തിൽ 70,990 വോട്ട് മഞ്ഞളാംകുഴി അലിയും 70,411 വോട്ട് വി. ശശികുമാറും നേടി. ഇത്തവണ 2,17,959 വോട്ടുള്ള മണ്ഡലത്തിൽ 74.69 ശതമാനം പേരാണ് മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തിയത്.
ഇത് 1,62,804 പേർ വരും. 1,07,005 പുരുഷ വോട്ടിൽ 77,107 പേരും 1,10,954 സ്ത്രീ വോട്ടർമാരിൽ 85,697 പേരുമാണ് വോട്ട് രേഖപ്പെടുത്തിയത്. 2016ൽ ആകെ പോൾ ചെയ്തത് 1,51,411 വോട്ടാണ്. 2016 ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 11,393 വോട്ട് ഇത്തവണ അധികം പെട്ടിയിൽ വീണിട്ടുണ്ട്. ഇത് അധികവും പുതിയ വോട്ടാണ്.