നിർത്തിയിട്ട വാഹനങ്ങളിൽ നിന്ന് ബാറ്ററി മോഷണം വ്യാപകം
text_fieldsRepresentational Image
തേഞ്ഞിപ്പലം: മലപ്പുറം ജില്ലയിലെ പള്ളിക്കൽ ബസാര്‍, കുറുന്തല, കാക്കഞ്ചേരി, പുൽപ്പറമ്പ് ഭാഗങ്ങളിൽ നിര്‍ത്തിയിട്ട വാഹനങ്ങളുടെ ബാറ്ററി മോഷ്ടിക്കുന്നത് വ്യാപകമാകുന്നു. ചൊവ്വാഴ്ച രാത്രി കുറുന്തലയിൽ നിർത്തിയിട്ട വാഹനങ്ങളിൽനിന്ന് ബാറ്ററി മോഷണം പോയി. പറമ്പാട്ട് ഹുസൈന്റെ ഓട്ടോറിക്ഷയുടെയും അവുഞ്ഞിക്കാട്ട് സമീറിന്‍റെ ലോറിയുടെയും പുതിയ ബാറ്ററികളാണ് മോഷ്ടിക്കപ്പെട്ടത്.
രാത്രി എട്ടരയ്ക്കും ഒമ്പതിനുമിടയിൽ കുറുന്തലയിൽ കടയുടെ മുന്നിൽ വണ്ടി നിർത്തി തൊട്ടടുത്ത പള്ളിയിൽ പോയി നിസ്കരിച്ചു വന്ന സമയത്തിനിടയിലാണ് ഹുസൈന്‍റെ ഓട്ടോറിക്ഷയുടെ ബാറ്ററി നഷ്ടപ്പെട്ടത്.
സമീർ വീടിനടുത്തുള്ള അവുഞ്ഞിക്കാട്ട് ഭഗവതീക്ഷേത്രത്തിൽ ഉത്സവമായതിനാൽ ലോറി തൊട്ടടുത്തുള്ള മറ്റൊരാളുടെ തൊടിയിൽ നിർത്തിയിട്ടതായിരുന്നു. ചൊവ്വാഴ്ച രാവിലെ വണ്ടിയെടുക്കാൻ ചെന്നപ്പോഴാണ് ബാറ്ററി നഷ്ടപ്പെട്ടതറിയുന്നത്. നിർത്തിയിട്ട വാഹനങ്ങളിൽനിന്നും രാത്രിയിൽ ബാറ്ററി മോഷ്ടിക്കുന്നത് പ്രദേശത്ത് വ്യാപകമായിട്ടുണ്ട്. കഴിഞ്ഞദിവസങ്ങളിൽ ഐക്കരപ്പടി, വെണ്ണായൂർ, പുൽപ്പറമ്പ്, കാക്കഞ്ചേരി, താഴെ ചേളാരി ഭാഗങ്ങളിൽനിന്നും വാഹനങ്ങളിലെ ബാറ്ററി മോഷണം പോയിരുന്നു.