ഡി.എസ്.യു തെരഞ്ഞെടുപ്പ് 10ന്; കാലിക്കറ്റ് കാമ്പസ് പ്രചാരണ ചൂടിൽ
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല കാമ്പസ് വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പ് പ്രചാരണ ചൂടിൽ. സാമൂഹിക മാധ്യമങ്ങളിലൂടെയും നേരിട്ടും പ്രചാരണ പ്രവർത്തനങ്ങൾ സജീവമാക്കിയിരിക്കുകയാണ് വിദ്യാർഥി സംഘടനകൾ.
വോട്ടഭ്യർഥനക്കൊപ്പം പാട്ടും ആട്ടവും രാഷ്ട്രീയ വിവാദ വിഷയങ്ങളിലെ ചർച്ചയുമായാണ് പ്രചാരണം. സർവകലാശാല കാമ്പസിലെ സ്റ്റുഡന്റ്സ് ട്രാപ്പിൽ എസ്.എഫ്.ഐക്ക് പിന്നാലെ യു.ഡി.എസ്.എഫും തെരഞ്ഞെടുപ്പ് കൺവൻഷൻ നടത്തി. ഈ മാസം 10നാണ് ഡിപ്പാർട്ട്മെന്റ് സ്റ്റുഡന്റ്സ് യൂനിയൻ തെരഞ്ഞെടുപ്പ്. ചെയർമാൻ, വൈസ് ചെയർമാൻ, സെക്രട്ടറി, ജോയന്റ് സെക്രട്ടറി, യു.യു.സി, ഫൈൻ ആർട്സ് സെക്രട്ടറി, ചീഫ് സ്റ്റുഡന്റ്സ് എഡിറ്റർ, ജനറൽ ക്യാപ്റ്റൻ, വയനാട് ചെതലയം ഉപ കേന്ദ്ര പ്രതിനിധി, തൃശൂർ ജോൺ മത്തായി സെന്റർ പ്രതിനിധി എന്നീ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്.
അന്തിമ വോട്ടർ പട്ടിക വെള്ളിയാഴ്ച പ്രസിദ്ധീകരിക്കുന്നതോടെ വോട്ടർമാരായ വിദ്യാർഥികളുടെ എണ്ണം വ്യക്തമാകും. സർവകലാശാല പഠനവിഭാഗം അസിസ്റ്റന്റ് പ്രഫസർ സുഹൈലാണ് റിട്ടേണിങ് ഓഫിസർ. എസ്.എഫ്.ഐ, യു.ഡി.എസ്.എഫ് സംഘടനകളാണ് നിലവിൽ മത്സരരംഗത്തുള്ളത്. 10ന് രാവിലെ ഒമ്പതിന് വോട്ടെടുപ്പ് തുടങ്ങും. ഉച്ചക്ക് ശേഷം വോട്ടെണ്ണി വൈകീട്ടോടെ ഫലം പ്രഖ്യാപിക്കും.