കാലിക്കറ്റിൽ ഒരുവര്‍ഷത്തിനകം സ്കൂള്‍ ഓഫ് മ്യൂസിക്
text_fieldsകാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ ആരംഭിക്കുന്ന സ്കൂള്‍ ഓഫ് മ്യൂസിക്കിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത വിദഗ്ധര്‍ വൈസ് ചാന്‍സലര്‍, സിന്‍ഡിക്കേറ്റ് അംഗങ്ങൾ തുടങ്ങിയവര്‍ക്കൊപ്പം
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ ഒരുവര്‍ഷത്തിനകം സ്കൂള്‍ ഓഫ് മ്യൂസിക് ആരംഭിക്കാന്‍ തയാറെടുപ്പ് തുടങ്ങി. ഔപചാരിക വിദ്യാഭ്യാസത്തോടൊപ്പം അനൗപചാരികമായി ഈ മേഖലയില്‍ നില്‍ക്കുന്നവര്‍ക്കുള്ള തുടര്‍പഠനത്തിനും സഹായകമാകുന്ന തരത്തില്‍ ഇന്ത്യയിലെ തന്നെ ആദ്യ മികവിന്റെ കേന്ദ്രമാകും ഇത്. കര്‍ണാട്ടിക്, ഹിന്ദുസ്ഥാനി, ഫോക്, സൂഫി തുടങ്ങി വിവിധ സംഗീത ശാഖകള്‍ക്കൊപ്പം പെര്‍ഫോമിങ് ആര്‍ട്സ് കൂടി ഉള്‍പ്പെടുന്നതാകും കേന്ദ്രം. ഇതിനായി പ്രത്യേകം രൂപകൽപന ചെയ്ത കെട്ടിടമൊരുക്കും.
പദ്ധതി ചര്‍ച്ച ചെയ്യാനുള്ള ആദ്യ യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്, സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ. പി.കെ. ഖലീമുദ്ദീന്, ഡോ. പി.പി. പ്രദ്യുമ്നന്, അഡ്വ. എല്‍.ജി. ലിജീഷ്, ഹിന്ദുസ്ഥാനി വിദഗ്ധരായ അരണ്യ കുമാര്‍ (ഹൈദരാബാദ് കേന്ദ്രസര്‍വകലാശാല), കൃഷ്ണമൂര്‍ത്തി ഭട്ട്, സംഗീത സംവിധായകന് അല്‍ഫോണ്‍സ് ജോസഫ്, സംഗീത നിരൂപകന് ഇ. ജയകൃഷ്ണന്, പ്രഫ. സുനില്‍, മണികണ്ഠന്, സ്കൂള്‍ കോ ഓഡിനേറ്റര്‍ ഡോ. സി.കെ. ജിഷ തുടങ്ങിയവര്‍ പങ്കെടുത്തു. ഡിസംബര്‍ 13ന് സംഗീത മേഖലയില്‍ ദേശീയതലത്തിലുള്ള വിദഗ്ധരെ ഉള്‍പ്പെടുത്തി ഏകദിന ശിൽപശാല സംഘടിപ്പിക്കും.