ഭാരതരത്ന ജേതാക്കളെ പെൻസിലിൽ കൊത്തിയെടുത്ത് ആദർശ്
text_fieldsആദർശ്
ഊർങ്ങാട്ടിരി: രാജ്യത്ത് ഭാരതരത്ന നേടിയവരുടെ പേരും നേടിയ വർഷവും പെൻസിൽ കൊത്തിയെടുത്ത് വിസ്മയം തീർക്കുകയാണ് ഒരു യുവാവ്. ഊർങ്ങാട്ടിരി ആലിൻചുവട് സുന്ദരൻ-ഉഷാ ദമ്പതികളുടെ മകൻ ആദർശാണ് ഈ വേറിട്ട കലാകാരൻ. 1954 ആദ്യ ഭാരതരത്ന അവാർഡ് നേടിയ സി.ആർ. രാജഗോപാലാചാരി മുതൽ ഭൂപൻ ഹസാരിക വരെയുള്ള 48 ഭാരതരത്ന അവാർഡ് ജേതാക്കളുടെ പേരും വർഷവുമാണ് ആദർശ് മനോഹരമായ രീതിയിൽ പെൻസിലിൽ കൊത്തിയെടുത്തിരിക്കുന്നത്.
മൈക്രോ ആർട്ട് എന്നാണ് ഈ കലാരൂപം അറിയപ്പെടുന്നത്. 14 മണിക്കൂർ സമയം ചെലവഴിച്ചാണ് ഇത് പൂർത്തിയാക്കിയതെന്ന് ആദർശ് പറയുന്നു. സർജിക്കൽ ബ്ലേഡ് ഉപയോഗിച്ചുള്ള ജോലി വളരെ ക്ഷമ വേണ്ടതാണ്. കോവിഡ് കാലത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജോലി നഷ്ടപ്പെട്ടതോടെ ഉപജീവനമാർഗം കണ്ടെത്താനാണ് ആദർശ് ഈ രംഗത്ത് സജീവമായത്. ആദർശിന്റെ കഴിവിനെക്കുറിച്ച് അറിഞ്ഞതോടെ വിവാഹം, വിവാഹ വാർഷികം, പിറന്നാൾ ഉൾപ്പെടെ വിശേഷദിവസങ്ങളിൽ വേണ്ടപ്പെട്ടവർക്ക് സമ്മാനം നൽകാൻ നിരവധി പേരാണ് ഇപ്പോൾ ആദർശിനെ സമീപിക്കുന്നത്.