ആദിവാസി കോളനികളിൽ അതിവേഗ ഇന്റർനെറ്റുമായി ബി.എസ്.എൻ.എൽ
text_fieldsഅതിവേഗ ഇൻറർനെറ്റ് സർവിസ് പദ്ധതിയുടെ ഉദ്ഘാടനം ജില്ല കലക്ടർ വി.ആർ. പ്രേംകുമാർ
നിർവഹിക്കുന്നു
ഊർങ്ങാട്ടിരി: ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ ആദിവാസി കോളനികളിൽ അതിവേഗ ഇന്റർനെറ്റ് സർവിസുമായി ബി.എസ്.എൻ.എൽ. പൊട്ടക്കരിമ്പ്, പൊട്ടടി, വെണ്ടയ്ക്കുംപൊയിൽ കോളനികളിലാണ് അതിവേഗതയിലുള്ള ഫൈബർ ഇന്റർനെറ്റ് സർവിസ് നടപ്പാക്കിയത്. ഉദ്ഘാടനം ജില്ല കലക്ടർ വി.ആർ. പ്രേംകുമാർ നിർവഹിച്ചു.
കോളനി നിവാസികളുമായി കലക്ടർ ഓൺലൈനിലൂടെ സംസാരിക്കുകയും പരാതികൾ കേൾക്കുകയും ചെയ്തു. ഇന്റർനെറ്റ് സംവിധാനമില്ലാത്തതിനാൽ വിദ്യാർഥികൾക്ക് പഠനത്തിന് ഏറെ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. പദ്ധതി പൂർത്തിയാക്കാൻ മുഴുവൻ തുകയും ചെലവാക്കിയത് ജില്ലയിലെ ബി.എസ്.എൻ.എൽ ജീവനക്കാരുടെ കൂട്ടായ്മയായ സബ് റീജനൽ സ്പോർട്സ് ആൻഡ് കൾചറൽ ബോർഡും കുറ്റിപ്പുറം എം.ഇ.എസ് എൻജിനീയറിങ് കോളജിലെ ആദ്യബാച്ചിലെ പൂർവ വിദ്യാർഥികളുമാണ്. ബി.എസ്.എൻ.എൽ മലപ്പുറം ജനറൽ മാനേജർ കോളിൻ ലോറൻസ് അധ്യക്ഷത വഹിച്ചു. പെരിന്തൽമണ്ണ സബ് കലക്ടർ ശ്രീധന്യ സുരേഷ്, ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിജോ ആൻറണി, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം ബീന വിൻസെന്റ്, പഞ്ചായത്ത് അംഗം ടെസി സണ്ണി, ബി.എസ്.എൻ.എൽ ഡി.ജി.എം.മാരായ അനിത സുനിൽ, ഒ. പ്രശാന്ത്, ഡിവിഷൻ എൻജിനീയർമാരായ വി.ആർ. സുധീഷ്, ഇ.പി. ഫൈസൽ എന്നിവർ സംസാരിച്ചു.