മൂർക്കനാട് സ്കൂൾ കടവ് നടപ്പാലം ഒലിച്ച് പോയിട്ട് ആറുവർഷം
text_fieldsപ്രളയത്തിൽ തകർന്ന മൂർക്കനാട് സ്കൂൾ കടവ് നടപ്പാലം
ഊർങ്ങാട്ടിരി: മൂർക്കനാട് സ്കൂൾ കടവ് നടപ്പാലം ഒലിച്ചുപോയിട്ട് ആറു വർഷം പൂർത്തിയാകുന്നു. ഊർങ്ങാട്ടിരി-അരീക്കോട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന നടപ്പാലം 2018 ആഗസ്റ്റ് ഒമ്പതിനാണ് ചാലിയാറിലെ പ്രളയത്തിൽ ഒലിച്ചു പോയത്. 2009 നവംബർ നാലിന് നാടിനെ നടുക്കിയ തോണി ദുരന്തത്തിൽ എട്ട് വിദ്യാർഥികൾക്കാണ് ജീവൻ നഷ്ടമായിരുന്നത്. ഇവരുടെ സ്മരണാർത്ഥമാണ് ഇവിടെ സർക്കാർ നടപ്പാലം നിർമിച്ചത്.
പാലം പുനർനിർമിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരും വിദ്യാർഥികളും നിരവധി തവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. പാലം തകർന്നതോടെ 10 മിനിറ്റ് കൊണ്ട് നടന്ന് എത്തേണ്ട മൂർക്കനാട്ടേക്കും അരീക്കോട്ടേക്കും പാലത്തിന് ഇരുകരകളിലുമുള്ളവർക്ക് ആറ് കിലോമീറ്റർ കൂടുതൽ താണ്ടണം. ഇതുകാരണം നാട്ടുകാരും സമീപത്തെ വിദ്യാലയങ്ങളിലെ വിദ്യാർഥികളും ഏറെ പ്രയാസത്തിലാണ്. ആറുവർഷമായി പാലം പുനർനിർമാണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുകയാണ്.