കാലവർഷവും ജലജീവൻ പദ്ധതി നടത്തിപ്പിലെ പാളിച്ചകളും; പുറംലോകവുമായി ബന്ധപ്പെടാനാകാതെ വടമുക്കും തുറുവാണവും
text_fieldsതുറുവാണം ദ്വീപിലേക്കുള്ള റോഡ് വെള്ളം കയറിയ നിലയിൽ
മാറഞ്ചേരി: കനത്ത കാലവർഷവും ജലജീവൻ പദ്ധതി നടത്തിപ്പിലെ പാളിച്ചകളും കാരണം പുറംലോകവുമായി ബന്ധപ്പെടാനാകാതെ മാറഞ്ചേരി പഞ്ചായത്തിലെ തുറുവാണം ദ്വീപ് നിവാസികളും വടമുക്കും ഒറ്റപ്പെട്ടിരിക്കുകയാണ്. തുറുവാണം ദ്വീപ് വാസികൾക്ക് കരയുമായി ബന്ധപ്പെടാൻ തോണി സർവിസ് ആരംഭിച്ചത് അൽപം ആശ്വാസമായിട്ടുണ്ട്. 2023 മാർച്ചിൽ 34 കോടി രൂപ തുറുവാണത്ത് പാലത്തിനുവേണ്ടി പാസായെങ്കിലും രണ്ടുവർഷം കഴിഞ്ഞിട്ടും പാലം പണി സാങ്കേതിക കുരുക്കിൽപെട്ട് നീളുകയാണ്. നഞ്ച ഭൂമിയുടെ പ്രശ്നം പറഞ്ഞാണ് ഇപ്പോൾ കുരുക്കിൽപെട്ടിരിക്കുന്നത്.
ഉദ്യോഗസ്ഥ ലോബിയുടെ ഇത് പോലുള്ള തടസ്സങ്ങളെ ആർജവത്തോടെ തരണം ചെയ്യാൻ പറ്റാത്ത രാഷ്ട്രീയ നേതൃത്വത്തിന്റെ കഴിവുകേടാണ് ഈ പാലം പണിയിൽ പ്രകടമായിട്ടുള്ളത്. ജലജീവൻ പദ്ധതിക്കുവേണ്ടി പൈപ്പുകൾ കൊണ്ടുപോകാൻ വേണ്ടി കുഴിച്ച അധികാരിപ്പടി മുതൽ വടമുക്ക് വരെയുള്ള റോഡ് തകർന്നിട്ട് മാസങ്ങളായി. കാലവർഷം വന്നതോട് കൂടി കാൽ നടയാത്രക്കാർക്ക് പോലും സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയായി. കുഴികൾ അടക്കുന്നതിനായി റോഡിൽ അശാസ്ത്രീയമായി ഇട്ട മെറ്റലുകൾ യാത്ര കൂടുതൽ ദുരിതത്തിലാക്കുകയാണ് ചെയ്തത്.
ഓട്ടോറിക്ഷകൾ പോലും വരാൻ തയാറാക്കുന്നില്ല. സാങ്കേതിക തടസ്സങ്ങൾ മാറ്റി തുറുവാണം പാലം പണി ഉടൻ ആരംഭിക്കണമെന്നും ജലജീവൻ പദ്ധതിക്കായി കുഴിച്ച വടമുക്കിലെ റോഡുകൾ ഉടൻ പൂർവസ്ഥിതിയിലാക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും ജലവിഭവ മന്ത്രിക്കും മാറഞ്ചേരി പൗരാവകാശ സംരക്ഷണ സമിതി പരാതി നൽകിയിരിക്കുകയാണ്. അനുകൂലമായ തീരുമാനം ഉടൻ ഉണ്ടായിട്ടില്ലങ്കിൽ നാട്ടുകാരെ പങ്കെടുപ്പിച്ച് ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാനും പൗരാവകാശ സംരക്ഷണ സമിതി തീരുമാനിച്ചു.
പ്രസിഡന്റ് അഡ്വ. എം.എ.എം. റഫീഖ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. അബ്ദുൽ ലത്തീഫ്, ട്രഷറർ എം.ടി. നജീബ്, ഫിറോസ് വടമുക്ക്, ഉണ്ണി മാനേരി, ഷരീഫ് കരുണ, ഫൈസൽ കാങ്ങിലയിൽ, അബ്ദുല്ല കൊല്ലാറ എന്നിവർ സംസാരിച്ചു.