പൊന്മുണ്ടത്ത് വൈകിയെത്തിയ ചെണ്ടുമല്ലി പൂക്കാലം
text_fieldsപൊന്മുണ്ടം ചെണ്ടുമല്ലിത്തോട്ടത്തിൽനിന്ന് പൂക്കൾ ശേഖരിക്കുന്ന കാളിയേക്കൽ
കുടുംബശ്രീയിലെ അംഗങ്ങൾ
വൈലത്തൂർ: കണ്ണിനും മനസ്സിനും കുളിർമയേകി പൊന്മുണ്ടത്തെ ചെണ്ടുമല്ലി തോട്ടം. ബൈപാസ് റോഡിന് സമീപത്തെ നന്നഞ്ചേരി മുസ്തഫ ഹാജിയുടെ ഒരേക്കർ തരിശുഭൂമിയിലാണ് പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിലുൾപ്പെടുത്തി കാളിയേക്കൽ കുടുംബശ്രീ വനിതകൾ ചെണ്ടുമല്ലി കൃഷി ചെയ്തത്. ഓണവിപണി ലക്ഷ്യമിട്ട് പരീക്ഷണാടിസ്ഥാനത്തിൽ ചെയ്ത കൃഷി കാലാവസ്ഥയിൽ വന്ന മാറ്റം കാരണം വൈകിയാണ് പൂക്കൾ വിരിഞ്ഞത്. ഓണക്കാലത്ത് വിപണിയിൽ വൻ ഡിമാൻഡുള്ള മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള പൂക്കളാണ് വിളയിച്ചിരിക്കുന്നത്. കൃഷിഭവനിൽ നിന്നാണ് ആവശ്യമായ തൈകൾ ഇവർക്ക് ലഭിച്ചത്.
ആവശ്യക്കാർ ഏറെ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചസമയത്ത് ചെണ്ടുമല്ലി വിരിയാഞ്ഞത് ഇവർക്ക് പ്രതിസന്ധിയായെങ്കിലും പൂക്കളും തൈകളും ഇപ്പോൾ വിൽപനക്കുണ്ട്. കൂടാതെ പൂക്കളുടെ ദൃശ്യഭംഗി ആസ്വദിക്കാനും ഫോട്ടോ എടുക്കാനുമായി കുടുംബാംഗങ്ങളൊന്നിച്ച് നിരവധി പേരാണ് ദിനംപ്രതി ചെണ്ടുമല്ലി തോട്ടത്തിലെത്തുന്നത്. പ്രതീക്ഷിച്ച ലാഭം ഇല്ലെങ്കിലും ലഭിക്കുന്ന തുകയിൽ നിന്നുള്ള ഒരു വിഹിതം രണ്ടത്താണി ശാന്തി ഭവനത്തിലേക്ക് നൽകാനുമാണ് തീരുമാനം. ആദ്യമായി ആരംഭിച്ച പൂകൃഷി ഈ വർഷം നഷ്ടമായെങ്കിലും അടുത്ത വർഷം നേരത്തേ ആരംഭിച്ച് തങ്ങളുടെ പൂക്കളും ഓണവിപണിയിൽ ഇടം നേടും എന്ന ശുഭപ്രതീക്ഷയിലാണ് 17 പേർ അടങ്ങുന്ന കാളിയേക്കൽ കുടുംബശ്രീയിലെ അംഗങ്ങൾ.