മാലിന്യം തള്ളുന്നവർ ജാഗ്രതൈ; വളാഞ്ചേരി നഗരസഭക്ക് കീഴിൽ 23 നിരീക്ഷണ കാമറകൾ
text_fieldsവളാഞ്ചേരി നഗരസഭ വൈക്കത്തൂരിൽ സ്ഥാപിച്ച നിരീക്ഷണ കാമറ
വളാഞ്ചേരി: പൊതുഇടങ്ങളിൽ മാലിന്യം തള്ളുന്നവർ സൂക്ഷിക്കുക. നിയമവിരുദ്ധ പ്രവർത്തനം തെളിവോടെ ഒപ്പിയെടുക്കുവാൻ കാമറകൾ റെഡി. വളാഞ്ചേരി നഗരസഭയിലെ വിവിധ പ്രദേശങ്ങളിലാണ് നിരീക്ഷണ കാമറകൾ സ്ഥാപിച്ചത്. വീടുകളിൽ എത്തി ഹരിത കർമസേനാംഗങ്ങൾ പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യം ശേഖരിക്കുന്നുണ്ടെങ്കിലും ഇരുട്ടിന്റെ മറവിൽ സാമൂഹകിദ്രോഹികൾ പൊതു സ്ഥലങ്ങളിലും തോടുകളിലും മാലിന്യം തള്ളുന്നത് പതിവാണ്.
അറവ് മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയള്ളവയും വലിച്ചെറിയുന്നത് തെരുവ് നായ്ക്കളുടെ വർധനവിനും കാരണമാവുന്നു. നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മാലിന്യമുക്ത വളാഞ്ചേരി എന്ന കാമ്പയിനിന്റെ ഭാഗമായാണ് കാമറകൾ സ്ഥാപിക്കുന്ന പദ്ധതി നടപ്പാക്കുന്നത്.
കൊട്ടാരം കോതേതോട്, സമീപ പ്രദേശങ്ങൾ, ഓണിയിൽ പാലം, വൈക്കത്തൂർ, കൊളമംഗലം കോതേതോട്, കാവുംപുറം, നഗരസഭ എം.സി.എഫ്, നഗരസഭ ലൈബ്രറി, ഷോപ്പിങ് കോംപ്ലക്സ്, കറ്റട്ടിക്കുളം, പറളിപ്പാടം നടപ്പാത എന്നീ വിവിധ പ്രദേശങ്ങളിലായി 23 കാമറകളാണ് സ്ഥാപിക്കുന്നത്. കുറ്റകൃത്യങ്ങൾ തടയുന്നതിനും ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താനുമായി ടൗണിന്റെ വിവിധ പ്രദേശങ്ങളിൽ നഗരസഭ 32 കാമറകൾ നഗരസഭ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥാപിച്ചിരുന്നു.