മയക്കി കിടത്തി വയോധിക ദമ്പതികളുടെ വീട്ടിൽനിന്ന് ആറുപവൻ കവർച്ച; പ്രതിയുമായി തെളിവെടുപ്പ്
text_fieldsകവർച്ച കേസിലെ പ്രതി തൃശൂർ വാടാനപ്പള്ളി സ്വദേശി തിണ്ടിക്കൽ ബാദുഷയെ വളാഞ്ചേരി
പൊലീസ് തെളിവെടുപ്പിന് വളാഞ്ചേരി കോട്ടപ്പുറത്തെ വീട്ടിൽ എത്തിച്ചപ്പോൾ
വളാഞ്ചേരി: വയോധികരായ ദമ്പതികളെ ജ്യൂസിൽ മയക്കു ഗുളിക ചേർത്ത് മയക്കി കിടത്തി ആറുപവൻ സ്വർണാഭരണം കവർന്ന കേസിലെ പ്രതി തൃശൂർ വാടാനപ്പള്ളി സ്വദേശി തിണ്ടിക്കൽ ബാദുഷയെ (34) വളാഞ്ചേരി പൊലീസ് തെളിവെടുപ്പിന് എത്തിച്ചു. കൃത്യം നടത്തിയ വളാഞ്ചേരി കോട്ടപ്പുറത്തെ വീട്ടിലെത്തിച്ചാണ് പ്രതിയെ തെളിവെടുപ്പിന് എത്തിച്ചത്.
കോഞ്ചത്ത് ചന്ദ്രനെയും (75) ഭാര്യ ചന്ദ്രമതിയെയുമാണ് (68) പ്രതി മയക്കി കിടത്തി താലിമാലയും മറ്റൊരു മാലയും വളയുമുൾപ്പെടെ ആറു പവൻ സ്വർണാഭരണങ്ങളുമായി കടന്നു കളഞ്ഞത്. കഴിഞ്ഞ ഫെബ്രുവരി 11 നയിരുന്നു സംഭവം. കൊട്ടാരക്കരയിൽ മുട്ടുവേദനക്ക് ആയുർവേദ ഡോക്ടറെ കാണിച്ച് തിരിച്ചു വരികെ വയോധികരായ ദമ്പതികളുമായി തീവണ്ടിയിൽ സൗഹൃദം സ്ഥാപിക്കുകയും പിന്നീട് വീട്ടിലെത്തി സ്വർണാഭരണവുമായി പ്രതി മുങ്ങുകയായിരുന്നു.
മുംബൈയിലേക്കുള്ള ലോകമാന്യതിലക് ട്രെയിനിൽ ജനറൽ കമ്പാർട്ട്മെൻറിൽ കുറ്റിപ്പുറത്തേക്ക് വരുമ്പോൾ സീറ്റില്ലാതെ പ്രയാസപ്പെട്ട് വടി കുത്തി നിൽക്കുന്ന ചന്ദ്രനടുത്തേക്ക് കൊല്ലത്തുനിന്ന് കയറിയ പ്രതി ഇവരുമായി സൗഹൃദം നടിച്ച് എത്തുകയായിരുന്നു. നാവിക സേനയിൽ ഉദ്യോഗസ്ഥനാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് വയോധികരോട് അടുത്തത്. തുടർന്ന് വയോധികർക്ക് സീറ്റ് തരപ്പെടുത്തി നൽകുകയും ചെയ്തു.
കുശലാന്വേഷണത്തിൽ കൊട്ടാരയ്ക്കര യാത്രയെക്കുറിച്ചും ചികിത്സയെക്കുറിച്ചും വിട്ടുകാരെക്കുറിച്ചും മനസ്സിലാക്കിയ പ്രതി നാവിക സേനാ ആശുപത്രിയിൽ കുറഞ്ഞ ചെലവിൽ ശസ്ത്രക്രിയ ചെയ്യാൻ സൗകര്യമുണ്ടെന്നും അതിനായി താൻ പരിശ്രമിക്കാമെന്നും ഇവരെ പറഞ്ഞ് വിശ്വസിപ്പിച്ചു. പിറ്റേ ദിവസം പ്രതി ചന്ദ്രനെ ഫോണിൽ ബന്ധപ്പെട്ട് ശസ്ത്രക്രിയയുടെ കാര്യങ്ങൾ ശരിയാക്കിയിട്ടുണ്ടെന്നും നേരത്തേ ചികിത്സിച്ച കേസ് ഡയറിയുണ്ടെങ്കിൽ അതും ആവശ്യമായ മറ്റ് രേഖകളും അടിയന്തരമായി വേണമെന്നും വീട്ടിൽവന്ന് വാങ്ങിക്കാമെന്നും അറിയിച്ചു.
വീട്ടിലെത്തിയ യുവാവ് താന്‍ കൊണ്ടുവന്ന ഫ്രൂട്ട്സ് ഉപയോഗിച്ച് സ്വയം ജ്യൂസ് തയാറാക്കി ഇരുവര്‍ക്കും കുടിക്കാൻ നല്കി. തൊട്ടുപിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോള്‍ ഗ്യാസിന്റെ താണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഓരോ ഗുളികയും നല്‍കുകയും ബോധരഹിതരായി എന്ന് ഉറപ്പു വരുത്തിയതിന് ശേഷം സ്വർണാഭരണങ്ങൾ കവര്‍ച്ച നടത്തി സ്ഥലം വിടുകയുമായിരുന്നു. സി.സി.ടി.വികൾ പരിശോധിച്ചും ഫോൺ കോളുകൾ കേന്ദ്രീകരിച്ചും ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കഴിഞ്ഞ മാസം 20ന് തിരുവനന്തപുരത്തുനിന്ന് പൊലീസ് പിടികൂടിയത്.