‘സഹപാഠിക്കൊരു സ്നേഹവീട്’ സമർപ്പണം നാളെ
text_fieldsവളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്
യൂനിറ്റ് നിർമിച്ച വീട്
വളാഞ്ചേരി: വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂൾ 75-ാം വാർഷികത്തോടനുബന്ധിച്ച് എൻ.എസ്.എസ് യൂനിറ്റ് നിർമിച്ച ‘സഹപാഠിക്കൊരു സ്നേഹവീട്’ സമർപ്പണം ചൊവ്വാഴ്ച രാവിലെ 10 ന് നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിക്ക് എടയൂർ ഗ്രാമപഞ്ചായത്തിലെ പൂക്കാട്ടിരി വാർഡ് 10 അമ്പലസിറ്റിയിലാണ് വീട് നിർമിച്ചത്. ഏഴ് ലക്ഷത്തോളം രൂപ ചെലവായി. സ്റ്റാഫ്, സ്കൂൾ മാനേജ്മെൻറ്, പി.ടി.എ, അലുംനി അസോസിയേഷൻ, സുമനസുകൾ എന്നിവരുടെ സഹകരണത്തോടെയാണ് വീട് യാഥാർഥ്യമായത്.
തിരൂർ സബ് കലക്ടർ ദിലീപ്. കെ. കൈനിക്കര താക്കോൽ കൈമാറും. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിക്ക് ‘കാരുണ്യസ്പർശം’ പദ്ധതിയിൽ ഉൾപ്പെടുത്തി എൻ.എസ്.എസ് യൂനിറ്റ് നൽകുന്ന സഹായധനത്തിന്റെ ഒന്നാം ഗഡു വിതരണവും നടക്കും. വാർത്തസമ്മേളനത്തിൽ സ്കൂൾ മാനേജർ വി. ഗോപാലകൃഷ്ണൻ, പ്രിൻസിപ്പൽ എം.പി. ഫാത്തിമക്കുട്ടി, പി.ടി.എ പ്രസിഡന്റ് നൗഷാദ് പാറമ്മൽ, അലുംനി അസോ. പ്രസിഡന്റ് ടി. ബഷീർ ബാബു, ഗേൾസ് എച്ച്.എസ്.എസ് പ്രധാനാധ്യാപകൻ സുരേഷ് പൂവാട്ടുമീത്തൽ, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ പി. ഫ്രോയ്ഡ് ഫ്രാൻസിസ്, കെ. പ്രേംരാജ്, അലുംനി അസോ. ട്രഷറർ കെ. രാജീവ് എന്നിവർ സംബന്ധിച്ചു.


