‘വഴി തെറ്റിച്ച്’ സൂചന ബോർഡ്
text_fieldsവയഡക്റ്റ് പാലം ആരംഭിക്കുന്നിടത്ത് ആറുവരിപാതയിൽ സ്ഥാപിച്ച ബാരിക്കേഡ്, 2.ഓണിയൽ പാലത്തിന് സമീപം ആറുവരി പാതയിൽ പ്രവേശിക്കുന്നിടത്ത്
സ്ഥാപിച്ച സൂചന ബോർഡ്
വളാഞ്ചേരി: ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഓണിയൽ പാലത്തിന് സമീപത്തായുള്ള അടിപ്പാതക്ക് അടുത്ത് സർവിസ് റോഡിൽ പുതുതായി സ്ഥാപിച്ച ദിശാസൂചന ബോർഡ് ഡ്രൈവർമാർക്ക് ആശയകുഴപ്പമുണ്ടാക്കുന്നു. വളാഞ്ചേരി, പൈങ്കണ്ണൂർ, പേരശന്നൂർ ഭാഗങ്ങളിൽനിന്ന്, പുതുതായി നിർമിക്കുന്ന ആറുവരിപാത വഴി കോഴിക്കോട്ടേക്ക് പോകാൻ സൂചന നൽകാനാണ് ഇവിടെ ബോർഡ് സ്ഥാപിച്ചത്.
വെട്ടിച്ചിറ, പെരിന്തൽമണ്ണ, പാലക്കാട് ഭാഗങ്ങളിലേക്ക് പോകാൻ ഇവിടെ സ്ഥാപിച്ച ബോർഡിൽ സ്ഥലനാമം നൽകിയിട്ടുണ്ട്.
പെരിന്തൽമണ്ണ, പാലക്കാട് ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ അടിപ്പാത വഴി വളാഞ്ചേരി ടൗണിൽ പ്രവേശിച്ചാണ് പോകേണ്ടത്. വെട്ടിച്ചിറ, കോഴിക്കോട് ഭാഗത്തേക്കുള്ള വാഹനങ്ങൾ നേരെ ആറുവരി പാതയിൽ പ്രവേശിച്ച് പോവുകയും വേണം.
എന്നാൽ ഓണിയിൽ പാലം, കാട്ടിപ്പരുത്തി പ്രദേശത്തുകൂടി വയഡക്ടിലേക്ക് കടക്കുന്ന ആറുവരിപാതയുടെ നിർമാണം പൂർത്തിയാകാത്തതിനാൽ ഇതുവഴി വരുന്ന വാഹനങ്ങൾ വളാഞ്ചേരി ടൗൺ വഴി നിലവിലെ ദേശീയപാത വഴിയാണ് വെട്ടിച്ചിറ ഭാഗത്തേക്ക് പോകേണ്ടത്. അടിപ്പാതക്ക് സമീപം ശരിയായ സൂചന നൽകുന്ന മറ്റൊരു ചെറിയ ബോർഡുമുണ്ട്. കൂടാതെ നിർമാണം പുരോഗമിക്കുന്നതിനാൽ ആറുവരി പാതയിലേക്ക് മറ്റു വാഹനങ്ങൾ പ്രവേശിക്കാൻ പാടില്ലെന്ന ബോർഡും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, ഇവയൊന്നും ശ്രദ്ധയിൽപ്പെടാത്ത ഡ്രൈവർമാർ വയഡക്ടിലേക്ക് കടക്കുന്ന ആറുവരി പാതയിലേക്ക് വാഹനം പ്രവേശിക്കുകയും കുറച്ച് ദൂരം സഞ്ചരിച്ചശേഷം വയഡക്ട് പാലം തുടങ്ങുന്ന ഭാഗത്ത് സ്ഥാപിച്ച ബാരിക്കേഡിന് സമീപം എത്തി തിരിച്ചുവരുന്നതും പതിവാണ്. കുറ്റിപ്പുറം ഭാഗത്തുനിന്ന് വാഹനങ്ങൾ സർവിസ് റോഡുവഴിയാണ് ഓണിയിൽ പാലത്തിൽ കൂടിയുള്ള നിലവിലെ ദേശീയപാതയിൽ പ്രവേശിക്കുന്നത്.
സൂചന ബോർഡിലെ വെട്ടിച്ചിറ എന്നഴുതിയത് താൽക്കാലികമായി മറച്ചുവെച്ചാൽ പരിചയമില്ലാത്ത ഡ്രൈവർമാരുടെ ആശയക്കുഴപ്പം ഒഴിവാക്കാനാകും. ഓണിയിൽപാലത്തിന് സമീപം മുതൽ വടക്കുംമുറി വരെ കാട്ടിപ്പരുത്തി പാടശേഖരം വഴി മണ്ണിട്ട് ഉയർത്തിയാണ് ആറുവരി പാത നിർമിച്ചത്. തുടർന്ന് വടക്കുംമുറി മുതൽ വട്ടപ്പാറ വരെ വയലുകൾക്ക് മുകളിൽ വയഡക്ട് പാലവുമാണ് നിർമിച്ചത്.
പാലം തുടങ്ങുന്ന ഭാഗം വരെ പുതുതായി നിർമിച്ച പാതയിൽ ടാറിങും മറ്റ് സുരക്ഷ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. വയഡക്ട് പാലത്തിന്റെ തുടർച്ചയായി വട്ടപ്പാറയിൽ റോഡ് നിർമാണം കൂടി പൂർത്തിയായാൽ കുറ്റിപ്പുറം ഭാഗത്തുനിന്ന് ആറുവരി പാത വഴി വരുന്ന വാഹനങ്ങൾക്ക് വളാഞ്ചേരി ടൗൺ, വട്ടപ്പാറ കൊടുംവളവ് എന്നീ സ്ഥലങ്ങളിൽ പ്രവേശിക്കാതെ കോഴിക്കോട് ഭാഗത്തേക്ക് പോകാൻ സാധിക്കും.
ടാറിങ്, വശങ്ങളിലെ സുരക്ഷ ക്രാഷ് ബാരിയർ സ്ഥാപിക്കൽ ഉൾപ്പെടെ നിർമാണ പ്രവർത്തനം അതിവേഗം പുരോഗമിക്കുന്നുണ്ടെങ്കിലും ഏപ്രിൽ കഴിയുന്നതോടെ മാത്രമേ വയഡക്റ്റ് വഴി വാഹനങ്ങൾക്ക് പോകാൻ സാധിക്കുമെന്നാണ് കരുതുന്നത്.