ദമ്പതികളുടെ ആറു പവൻ സ്വർണം കവർന്ന കേസിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി
text_fieldsവളാഞ്ചേരി: യാത്രക്കിടെ ട്രെയ്നിൽ സൗഹൃദം സ്ഥാപിച്ച യുവാവ് പിന്നീട് വീട്ടിലെത്തി വയോധികരായ ദമ്പതികളുടെ ആറു പവൻ സ്വർണം കവർന്ന കേസിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. വളാഞ്ചേരി കോട്ടപ്പുറം പെട്രോൾ പമ്പിന് സമീപം താമസിക്കുന്ന കോഞ്ചത്ത് ചന്ദ്രനെയും (75) ഭാര്യ ചന്ദ്രമതി (68) യെയുമാണ് പ്രതി മയക്കിക്കിടത്തി താലിമാലയും മറ്റൊരു മാലയും വളയുമുൾപ്പെടെ ആറു പവൻ സ്വർണാഭരണങ്ങളുമായി കടന്നത്.
ചന്ദ്രനും ഭാര്യയും കഴിഞ്ഞ ചൊവാഴ്ച മുട്ടുവേദനക്ക് ഡോക്ടറെ കാണാൻ കൊട്ടാരക്കരയിൽ പോയിരുന്നു. മുംബൈയിലേക്കുള്ള ലോകമാന്യതിലക് ട്രെയ്നിൽ ജനറൽ കമ്പാർട്ട്മെന്റിലായിരുന്നു കുറ്റിപ്പുറത്തേക്കുള്ള മടക്കം. സീറ്റില്ലാതെ പ്രയാസപ്പെട്ട് നിന്ന ചന്ദ്രനടുത്തേക്ക് എത്തിയ 35 വയസു തോന്നിക്കുന്ന യുവാവ് പേര് നീരജ് എന്നാണെന്നും നാവിക സേനയിൽ ഉദ്യോഗസ്ഥനാണെന്നുമാണ് സ്വയം പരിചയപ്പെടുത്തിയത്.
വയോധികർക്ക് സീറ്റ് തരപ്പെടുത്തി നൽകുകയും ചെയ്തു. നാവികസേന ആശുപത്രിയിൽ കുറഞ്ഞ ചെലവിൽ ശസ്ത്രക്രിയക്ക് സൗകര്യമുണ്ടെന്നും അതിനായി പരിശ്രമിക്കാമെന്നും വിശ്വസിപ്പിച്ചു. ചന്ദ്രന്റെ ഫോൺ നമ്പർ വാങ്ങി ചേർത്തലയിൽ ഇറങ്ങുകയും ചെയ്തു.
ബുധനാഴ്ച രാവിലെ ചന്ദ്രനെ ഫോണിൽ ബന്ധപ്പെട്ട് ശസ്ത്രക്രിയയുടെ കാര്യങ്ങൾ ശരിയാക്കിയിട്ടുണ്ടെന്നും നേരത്തെ ചികിത്സിച്ച കേസ് ഹിസ്റ്ററിയും ആവശ്യമായ മറ്റ് രേഖകളും അടിയന്തരമായി വേണമെന്നും വീട്ടിൽ വന്ന് വാങ്ങിക്കാമെന്നും പറഞ്ഞു. ഉച്ചയോടെ വീട്ടിലെത്തിയ യുവാവ് കൊണ്ടുവന്ന പഴങ്ങൾ ഉപയോഗിച്ച് സ്വയം ജ്യൂസ് തയാറാക്കി ഇരുവര്‍ക്കും നല്കി. തൊട്ടുപിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോള്‍ ഗ്യാസിന്റേതാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഓരോ ഗുളികയും നല്കി. ഇതോടെ ഇരുവരും ബോധരഹിതരായി. സ്വർണാഭരണങ്ങൾ കവര്‍ച്ച നടത്തി യുവാവ് സ്ഥലം വിടുകയുമായിരുന്നു.
ബോധം വന്നപ്പോഴാണ് യുവാവിനെ കാണാനില്ലെന്നും ആഭരണങ്ങൾ നഷ്ടപ്പെട്ടതായും മനസ്സിലാക്കിയത്. വളാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.