ടൗണിലെ പുതിയ കെട്ടിടത്തിലേക്ക് സ്ഥലംമാറ്റം കാത്ത് കാട്ടിപ്പരുത്തി വില്ലേജ് ഓഫിസ്
text_fieldsവളാഞ്ചേരി ടൗണിൽ കോഴിക്കോട് റോഡിൽ നിർമാണം പൂർത്തിയായ കാട്ടിപ്പരുത്തി വില്ലേജ് ഓഫിസ് കെട്ടിടം
വളാഞ്ചേരി: കാട്ടിപ്പരുത്തി വില്ലേജ് ഓഫിസിനായി ടൗണിന്റെ ഹൃദയഭാഗത്ത് നിർമിച്ച കെട്ടിടത്തിൽ ഓഫിസ് പ്രവർത്തനം ആരംഭിക്കണമെന്ന ആവശ്യം ശക്തം. ദേശീയപാതയോരത്ത് കോഴിക്കോട് റോഡിനോട് ചേർന്നാണ് പുതിയ സ്മാർട്ട് വില്ലേജ് ഓഫിസിന് കെട്ടിടം നിർമിച്ചത്.
സംസ്ഥാന സർക്കാറിന്റെ 100 ദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഓഫിസ് പുനർനിർമിച്ചത്. കാട്ടിപ്പരുത്തി ഉൾപ്പെടെ സംസ്ഥാനത്തെ 40 വില്ലേജ് ഓഫിസുകൾ സ്മാർട്ട് വില്ലേജ് ഓഫിസാക്കുന്ന നിർമാണ പ്രവർത്തനങ്ങൾ 2020 നവംബർ നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴിയാണ് ഉദ്ഘാടനം ചെയ്തിരുന്നത്.
ഇവയിൽ ഭൂരിഭാഗവും പുതിയ കെട്ടിടത്തിലേക്ക് മാറ്റിയപ്പോഴും കാട്ടിപ്പരുത്തിയിൽ നിർമാണ പ്രവർത്തനം ആരംഭിച്ചിരുന്നില്ല. നിലവിലെ കെട്ടിടം പൊളിച്ചു പുതുക്കിപ്പണിയാൻ സംസ്ഥാന സർക്കാർ 44 ലക്ഷം രൂപയാണ് വകയിരുത്തിയിരുന്നത്.
നഗരത്തിൽ ബസ് സ്റ്റാൻഡിന് എതിർവശത്ത് ദേശീയപാതയോരത്ത് റവന്യൂ വകുപ്പിന്റെ നാലര സെന്റ് ഭൂമിയിലെ വില്ലേജ് ഓഫിസിന്റെ കെട്ടിടം പൊളിച്ചു മാറ്റിയാണ് പുതിയ ഇരുനില കെട്ടിടം നിർമിച്ചത്.
ഇവിടെ പ്രവർത്തിച്ചിരുന്ന ഓഫിസ് ഇപ്പോൾ കാവുമ്പുറത്തുള്ള കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. പുതിയ കെട്ടിടം നിർമാണം പൂർത്തിയായിട്ട് മാസങ്ങൾ കഴിഞ്ഞു. കരാറുകാരൻ റവന്യൂ വകുപ്പിന് കെട്ടിടം കൈമാറുകയും ചെയ്തു.
ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റ ചട്ടം പ്രാബല്യത്തിലായതോടെ പ്രഖ്യാപിച്ച ഉദ്ഘാടനം മാറ്റി വെക്കേണ്ടി വന്നു. പെരുമാറ്റ ചട്ടം ഒഴിവായി ആഴ്ചകളായിട്ടും പുതിയ കെട്ടിടം തുറന്നുകൊടുത്തില്ല.
കാട്ടിപ്പരുത്തി, കുളമംഗലം, വൈക്കത്തൂർ പ്രദേശത്തുള്ളവർ കാവുമ്പുറത്തെ ഓഫിസിൽ എത്താൻ ഒട്ടോറിക്ഷയെയോ ബസിനെയോ ആശ്രയിക്കേണ്ട അവസ്ഥയാണ്.
ഇത് സാധാരണക്കാർക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നു. പുതുവർഷ പുലരിക്ക് മുമ്പെങ്കിലും വില്ലേജ് ഓഫിസ് ടൗണിലെ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കണമെന്ന ആവശ്യം ശക്തമാണ്.