കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സംഘം പരിശോധിച്ചു; തിരുവേഗപ്പുറ പാലം ബലപ്പെടുത്തും
text_fieldsപ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ സാന്നിധ്യത്തിൽ കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഉദ്യോഗസ്ഥർ തിരുവേഗപ്പുറ പാലത്തിന്റെ അപകടാവസ്ഥ പരിശോധിക്കുന്നു
വളാഞ്ചേരി: തിരുവേഗപ്പുറ പാലത്തിൽ വിള്ളൽ വന്ന ഭാഗം സ്റ്റീൽ ഗാർഡറുകൾ സ്ഥാപിച്ച് ബലപ്പെടുത്തുന്ന പ്രവൃത്തി അടിയന്തരമായി നടത്തും. പാലത്തിന്റെ ഫൗണ്ടേഷൻ ഉൾപ്പെടെ ബലപ്പെടുത്തുന്ന പ്രവൃത്തികളും അറ്റകുറ്റ പ്രവൃത്തികളും നടത്തും. അപകടാവസ്ഥയിലായ തിരുവേഗപ്പുറ പാലത്തിൽ തിരുവനന്തപുരത്ത് നിന്നെത്തിയ കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സംഘം പരിശോധന നടത്തിയതിന് ശേഷം അറിയിച്ചതാണ് ഇക്കാര്യം.
പരിശോധന ഉൾപ്പെടെയുള്ള സാങ്കേതിക പരിശോധനകൾ വേഗത്തിലാക്കുന്നതിന് ചീഫ് എൻജിനീയറുമായും പൊതുമരാമത്ത് മന്ത്രിയുമായും കോട്ടക്കൽ, പട്ടാമ്പി എം.എൽ.എമാർ ബന്ധപ്പെട്ടിരുന്നു. അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ സോണി, അസിസ്റ്റന്റ് എൻജിനീയർ ശങ്കർ, പൊതുമരാമത്ത് പാലങ്ങൾ വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ വിനോദ് കുമാർ, അസിസ്റ്റന്റ് എൻജിനീയർ ധീരജ് കുമാർ, ഓവർസിയർ മുസാഫർ മഹ്മൂദലി എന്നിവരാണ് പരിശോധനക്ക് നേതൃത്വം നൽകിയത്. പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയും സ്ഥലത്തെത്തിയിരുന്നു.
ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി. ഷഹനാസ്, തിരുവേഗപ്പുറ പഞ്ചായത്ത് പ്രസിഡന്റ് കെ.എ. അസീസ്, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി.എ. നൂർ, ഇരിമ്പിളിയം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഫസീല, മുഹ്സിൻ എം.എൽ.എയുടെ പ്രതിനിധി സതീശൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.പി. മെറീഷ്, എം. അബ്ബാസ്, കെ.ടി.എ. മജീദ് എന്നിവരും സ്ഥലത്തുണ്ടായിരുന്നു.
പുതിയ പാലം നിർമിക്കണമെന്നാവശ്യം ശക്തം
വളാഞ്ചേരി: ആറ് ദശകങ്ങളോളം പഴക്കമുള്ളതും ഉപരിതലത്തിൽ വിള്ളൽ കണ്ടെത്തുകയും ചെയ്ത തിരുവേഗപ്പുറ പാലത്തിന് സമാന്തരമായി പുതിയ പാലം നിർമിക്കണമെന്നാവശ്യം ശക്തം. മലപ്പുറം-പാലക്കാട് ജില്ലകളെ ബന്ധിപ്പിച്ച് തൂതപ്പുഴക്ക് കുറുകെയാണ് തിരുവേഗപ്പുറ പാലം നിർമിച്ചത്.
വലിയ രീതിയിൽ അറ്റകുറ്റപ്പണി നടത്തിയിട്ടും പാലത്തിന് മുകളിൽ വിള്ളലും അടിവശത്ത് കോൺക്രീറ്റ് അടർന്നു വീഴുകയും ചെയ്തിട്ടുണ്ട്. വളാഞ്ചേരി-പട്ടാമ്പി റോഡിലെ തിരക്കേറിയ റൂട്ടാണിത്. വളാഞ്ചേരിയിൽനിന്ന് കൊപ്പം, ചെർപ്പുളശ്ശേരി, പാലക്കാട് തുടങ്ങിയ ഭാഗത്തേക്കുമുളള എളുപ്പ വഴിയും തിരുവേഗപ്പുറ പാലം വഴിയാണ്.
തിരുവേഗപ്പുറ പാലം
ദേശീയപാത ആറുവരിയായി വികസിപ്പിച്ചതോടെ പാലക്കാട് ജില്ലയിൽനിന്നും കോഴിക്കോട്ടേക്ക് വളാഞ്ചേരി വഴി ഒട്ടനവധി വാഹനങ്ങൾ പോകുന്നതും തിരുവേഗപ്പുറം പാലം വഴിയാണ്. പാലത്തിന് ഉപരിതലത്തിൽ വിള്ളൽ കണ്ടതോടെ പാലത്തിന് മുകളിൽ കൂടി ചെറുവാഹനങ്ങൾക്ക് മാത്രമേ പ്രവേശനമുളളു.
ഇരു ഭാഗത്തും ക്രോസ് ബാർ വെച്ച് പ്രവേശനം നിയന്ത്രിക്കുന്നുമുണ്ട്. പാലത്തിന്റെ അറ്റകുറ്റപ്പണി നടത്തി പൂർണതോതിൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതോടൊപ്പം നിലവിലെ പാലത്തിന് സമാന്തരമായി പുതിയ പാലം കൂടി നിർമിക്കണമെന്നാവശ്യവും നാട്ടുകാർ ഉന്നയിക്കുന്നു.


