ദേശീയപാത; വട്ടപ്പാറയിലെ നിർമാണം അവസാനഘട്ടത്തിലേക്ക്
text_fieldsദേശീയപാത വട്ടപ്പാറ ഭാഗത്ത് നടക്കുന്ന നിർമാണ പ്രവർത്തനങ്ങളുടെ ആകാശക്കാഴ്ച
വളാഞ്ചേരി: ദേശീയപാത 66 ആറുവരി പാതയാക്കൽ വളാഞ്ചേരി മേഖലയിലെ നിർമാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലേക്ക്. ഓണിയിൽ പാലത്തിന് സമീപത്തുനിന്നും വടക്കുംമുറി വരെയും വയഡക്ട് അവസാനിക്കുന്ന വട്ടപ്പാറയിലെ കുറച്ച് സ്ഥലത്തും, കരിപ്പോൾ ഭാഗത്തും മാത്രമേ നിർമാണ പ്രവർത്തനങ്ങൾ അവശേഷിക്കുന്നുള്ളൂ.
വട്ടപ്പാറയിലെ കുന്നിടിച്ച് വലിയ കൂറ്റൻ പാറകൾ പൊട്ടിച്ചാണ് നിർമാണ പ്രവർത്തനം. കുന്നിനടിയിൽ അപ്രതീക്ഷിതമായി കണ്ടെത്തിയ വലിയ പാറകൾ പൊട്ടിച്ച് മാറ്റുന്നതിനാലാണ് ഇവിടെ നിർമാണം വൈകാൻ കാരണം. രണ്ടാഴ്ചക്കുള്ളിൽ ഇവിടെ നിന്നും പാറകൾ നീക്കം ചെയ്ത് റോഡ് ടാറിങ് ചെയ്യാൻ പരുവത്തിലാകും.
ഓണിയിൽ പാലത്തിന് സമീപത്തുനിന്നും വടക്കുംമുറി വരെയുള്ള പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. ഏപ്രിൽ അവസാനത്തോടുകൂടി വയഡക്ട് വഴി വാഹനങ്ങൾ തിരിച്ചുവിടാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. വളാഞ്ചേരി ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്കും അപകടങ്ങൾക്ക് കുപ്രസിദ്ധമായ വട്ടപ്പാറ വളവും ഒഴിവാക്കി ദീർഘദൂര വാഹനങ്ങൾ തൊഴുവാനൂർ, കാട്ടിപ്പരുത്തി പാടശേഖരങ്ങൾക്ക് മുകളിൽ കൂടി 30 മീറ്ററോളം ഉയരത്തിലുള്ള വയഡക്ട് വഴി ചീറിപ്പായും.