ഉമ്മറത്ത് നിലവിളക്ക് തെളിഞ്ഞു; പ്രകാശം പരത്തി പ്രഭാകരന്റെ വീട്ടിലെ ഇഫ്താർ സ്നേഹസംഗമം
text_fieldsവെസ്റ്റേൺ പ്രഭാകരൻ വീട്ടിൽ സംഘടിപ്പിച്ച ഇഫ്താർ സ്നേഹ സംഗമത്തിൽ പാണക്കാട്
മുനവ്വറലി ശിഹാബ് തങ്ങൾ സംസാരിക്കുന്നു
വളാഞ്ചേരി: വെസ്റ്റേൺ പ്രഭാകരന്റെ ഭാര്യ എം. ഉഷ വീടിന്റെ ഉമ്മറത്ത് കൊളുത്തിയ നിലവിളക്ക് പ്രകാശം ചൊരിഞ്ഞപ്പോൾ മഗ് രിബ് നമസ്കാരത്തിന്റെ ബാങ്കൊലി വളാഞ്ചേരി കോട്ടീരി പൊന്നാത്ത് വീട്ടിൽനിന്ന് ഉയർന്നു. ഇഫ്താർ സ്നേഹസംഗമത്തിനെത്തിയവർ വീടിനകത്തും പുറത്തുമായി വിരിച്ച മുസല്ലയിൽ ആ സമയം പ്രാർഥനയിൽ മുഴുകി.
37 വർഷം തുടർച്ചയായി റമദാൻ വ്രതം അനുഷ്ഠിക്കുന്ന വെസ്റ്റേൺ പ്രഭാകരനാണ് തന്റെ വീട്ടിൽ ഇഫ്താർ സ്നേഹസംഗമം ഒരുക്കിയത്. ആ സംഗമം മതത്തിനും പ്രത്യയശാസ്ത്രത്തിനും അപ്പുറം സൗഹാർദത്തിന്റെയും സ്നേഹം പങ്കുവെങ്കലിന്റെയും വേറിട്ട അനുഭവമായി മാറി. നമസ്കാരത്തിന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി. റമദാൻ മാസത്തിൽ ഇത് 21ാം തവണയാണ് പ്രഭാകരൻ തന്റെ വീട്ടിൽ സ്നേഹസംഗമം നടത്തുന്നത്.
1988ലാണ് സുഹൃത്ത് മുഹമ്മദ് മുസ്തഫ എന്ന മുത്തുവിന്റെ പ്രേരണയിൽ റമദാൻ വ്രതം എടുത്തുതുടങ്ങിയത്. അതിപ്പോൾ 37ാം വർഷത്തിൽ എത്തിനിൽക്കുകയാണ്. ഇതിനിടെ ഒരു ശസ്ത്രക്രിയ വേണ്ടിവന്നതിനെ തുടർന്ന് കുറച്ചുദിവസത്തെ നോമ്പ് മാത്രമാണ് മുടങ്ങിയത്. വ്രതം മനസ്സിനും ശരീരത്തിനും ഉന്മേഷം തരുന്നുണ്ടെന്നും ഇതാണ് വർഷങ്ങളോളം നോമ്പനുഷ്ഠാനം തുടരാൻ പ്രേരിപ്പിച്ചതെന്നും പ്രഭാകരൻ പറയുന്നു.
ഇഫ്താർ സ്നേഹസംഗമത്തിനിടെ വെസ്റ്റേൺ പ്രഭാകരന്റെ വീട്ടിൽ മഗ്രിബ് നമസ്കരിക്കുന്നവർ
ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി 17 വർഷം മുമ്പ് ആരംഭിച്ച വളാഞ്ചേരി ആസ്ഥാനമായുള്ള ചെഗുവേര കൾചറൽ ആൻഡ് വെൽഫെയർ ഫോറത്തിന്റെ ചീഫ് കോഓഡിനേറ്റർ കൂടിയാണ് പ്രഭാകരൻ. സ്നേഹ സംഗമത്തിൽ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, പ്രഫ. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, സംവിധായകൻ ലാൽ ജോസ്, മുഹമ്മദ് ഫൈസി കക്കാട്, മുനീർ ഹുദവി വിളയിൽ, വളാഞ്ചേരി നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ, ജില്ല പഞ്ചായത്ത് അംഗം ബഷീർ രണ്ടത്താണി, ഡോ. എൻ.എം. മുജീബ് റഹ്മാൻ, ചെഗുവേര ഫോറം പ്രസിഡന്റ് വി.പി.എം. സാലിഹ് എന്നിവർ സംസാരിച്ചു.